മല്ലികാർജുൻ ഖാർഗെക്കെതിരായ ജാതീയ അധിക്ഷേപം: ബി.ജെ.പി മുൻ മന്ത്രിക്കെതിരെ കേസ്
text_fieldsബംഗളൂരു: കർണാടകയിലെ പൊതുയോഗത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശത്തിൽ ബി.ജെ.പി മുൻ മന്ത്രിക്കെതിരെ കേസ്. ചൊവ്വാഴ്ച കർണാടകയിലെ ശിവമോഗ്ഗയിൽ നടന്ന യോഗത്തിനിടെയായിരുന്നു ഖാർഗെയുടെ നിറത്തെ ചൊല്ലിയുള്ള ബി.ജെ.പി മുൻ മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പരാമർശം.
വ്യാഴാഴ്ച ദലിത് നേതാവ് ഹർഷേന്ദ്ര കുമാർ തീർത്ഥഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഖാർഗെക്കെതിരെ നടത്തിയ ജാതീയ അധിക്ഷേപം ദലിത് വിഭാഗത്തിന് ദുഖമുണ്ടാക്കിയെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാവിനെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ) തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും പൊതുവേദിയിൽ ഇത്തരം ജാതീയ അധിക്ഷേപങ്ങൾ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച ബംഗളൂരു പൊലീസ് സ്റ്റേഷനിലും വിഷയം സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. വിഷയത്തിൽ ജ്ഞാനേന്ദ്രയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ കോൺഗ്രസ് ബി.ജെ.പിക്ക് നിർദ്ദേശം നൽകി.
ചൊവ്വാഴ്ചയായിരുന്നു അഗര ജ്ഞാനേന്ദ്ര ഖാർഗെയുടെ നിറത്തെക്കുറിച്ച് വിവാദപരാമർശം നടത്തിയത്. പശ്ചിമഘട്ടത്തെ കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ഖാർഗെയുടെ പ്രദേശമായ കല്യാൺ മേഖലയിൽ നിന്നുള്ള കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖാണ്ഡ്രെയേയും അദ്ദേഹം പരിഹസിച്ചിരുന്നു.
കാടില്ലാത്ത പ്രദേശത്ത് നിന്നുള്ള വ്യക്തിയാണ് നമ്മുടെ വനം വകുപ്പ് മന്ത്രിയെന്നത് കർണാടകയിലെ ജനങ്ങളുടെ ദുർഗതിയാണ്. അവർക്ക് മരമെന്താണെന്നോ ചെടി എന്താണെന്നോ തണലെന്താണെന്നോ അറിയില്ല. കൊടുചൂടിൽ അവിടത്തെ ജനങ്ങൾ കറുപ്പാകുകയാണെന്നും അത് ഖാർഗെയെ നോക്കിയാൽ മനസിലാകുമെന്നുമായിരുന്നു ജ്ഞാനേന്ദ്രയുടെ പരാമർശം.
സംഭവത്തിനെതിരെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജ്ഞാനേന്ദ്രയുടെ വാക്കുകൾ അദ്ദേഹത്തിന്‍റേത് മാത്രമല്ല മറിച്ച് ആർ.എസ്.എസ് ആസ്ഥനമായ കേശവകൃപയിൽ നിന്ന് കൂടി സ്വാധീനത്താലാണെന്നും പ്രിയങ്ക് ഖാർഗെ ട്വിറ്ററിൽ കുറിച്ചു. നൂറ്റാണ്ടുകളായി വർണാശ്രമത്തിന്‍റെ പേരിൽ അധ്വാനിക്കുന്ന ജനവിഭാഗത്തെ ചൂഷണം ചെയ്തും അവരുടെ അധ്വാനത്തിന്‍റെ ഫലം ഭക്ഷിച്ചും ജീവിക്കുന്നവർക്ക് വെളുത്ത നിറവും നല്ല ചർമവും ഒക്കെയുണ്ടാകും. കഠിനാധ്വാനം ചെയ്ത് അതിന്‍റെ ഫലം ഭക്ഷിക്കുന്നവന്‍റെ നിറം കറുപ്പായിരിക്കും. രണ്ട് ദിവസം അധ്വാനിച്ചാൽ നിങ്ങളുടെ നിറവും കറുപ്പാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ വാക്കുകൾ വിവാദമായതോടെ ജ്ഞാനേന്ദ്ര ക്ഷമാപണവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.