രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. കോൺഗ്രസ് പ്രവർത്തകന്‍റെ പരാതിയിൽ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്.
ജൂൺ 17നാണ് 'രാഗാ എക് മോഹ്റ' എന്ന തലക്കെട്ടിൽ അമിത് മാളവ്യ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. 'രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു' എന്ന ഉള്ളടക്കമാണ് അമിത് മാളവ്യ പ്രചരിപ്പിച്ച വിഡിയോയിൽ ഉള്ളത്.
മുൻപും രാഹുൽ ഗാന്ധിക്കെതിരെ അമിത് മാളവ്യ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചിരുന്നു. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കിയിരുന്നു. ഈ സമ്മേളനത്തിൽ ഭിന്നശേഷിക്കാരനായ മോട്ടിവേഷനൽ സ്പീക്കർ സി.പി. ശിഹാബിനെ രാഹുൽ ആദരിക്കുകയുണ്ടായി.
രാഹുൽ ശിഹാബിന്‍റെ തോളിൽ തട്ടി അഭിനന്ദിക്കുന്നതിന്‍റെ വിഡിയോയുടെ ഏതാനും ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അമിത് മാളവ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവിന്‍റെ ഈ പ്രവൃത്തിക്കെതിരെ രാജ്യ വ്യാപക വിമർശനമാണ് അന്ന് ഉയർന്നത്.
അമിത് മാളവ്യയെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനധെ, നിങ്ങൾക്ക് നിങ്ങളോട് തന്നെ വെറുപ്പ് തോന്നുന്നില്ലേ എന്നാണ് ചോദിച്ചത്. ‘നിങ്ങൾ എത്ര കള്ളം പറയും, നിങ്ങൾക്ക് നിങ്ങളോട് തന്നെ വെറുപ്പ് തോന്നുന്നില്ലേ?. നിങ്ങൾ ദുഷ്പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് വിരമിക്കില്ല, എന്നാൽ നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിൽ ഭിന്നശേഷിക്കാരെ പോലും വെറുതെ വിടില്ലേ? നിങ്ങൾ അവരെയും അപമാനിക്കുകയാണ്. രാഹുൽ ഗാന്ധി ഏവരെയും ബഹുമാനിക്കുന്നു, ബഹുമാനിക്കാൻ പഠിക്കുക’ -സുപ്രിയ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.