ഡൽഹിയിൽ വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ കേസ്
text_fieldsന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്തതിന് വനിതാ ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിന് ഇയാളുടെ ഭാര്യക്കെതിരെയും കേസെടുത്തു.
2020ൽ കുട്ടിയുടെ പിതാവിന്റെ മരണത്തിന് ശേഷം പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 2020 മുതൽ 2021 വരെ 14 വയസുകാരിയെ ഡെപ്യൂട്ടി ഡയറക്ടർ പലതവണ ബലാത്സംഗം ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയപ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ ഭാര്യ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിനുപകരം വിഷയം മറച്ചുവെക്കാൻ ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയതായും പറയുന്നു.
ചികിത്സയിലുള്ള പെൺകുട്ടിക്ക് ഇതുവരെ മജിസ്‌ട്രേറ്റിന് മൊഴി നൽകാനായിട്ടില്ല. അതിജീവിതയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തി, സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.