ആദിവാസി കൊല്ലപ്പെട്ട കേസ്: ഡല്‍ഹിയിലെ രണ്ട് വനിത പ്രഫസര്‍മാര്‍ക്കെതിരെ കൊലക്കേസ്
text_fieldsന്യൂഡല്‍ഹി: നക്സല്‍സ്വാധീന മേഖലയായ സുക്മയില്‍ ആദിവാസി കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലകളിലെ രണ്ടു വനിത പ്രഫസര്‍മാര്‍ അടക്കം 10 പേര്‍ക്കെതിരെ ഛത്തിസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ കൊലക്കുറ്റത്തിന് കേസെടുത്തു.
ഡല്‍ഹി സര്‍വകലാശാല സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സോഷ്യോളജി വിഭാഗം പ്രഫസര്‍ നന്ദിനി സുന്ദര്‍, ജെ.എന്‍.യുവില്‍ അനൗപചാരിക മേഖല-തൊഴില്‍ പഠന കേന്ദ്രം പ്രഫസര്‍ അര്‍ച്ചന പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇരുവരും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാതെ, ഡല്‍ഹിയിലെ ജോഷി അധികാര്‍ സംസ്ഥാന്‍ നേതാവ് വിനീത് തിവാരി, മാവോവാദി നേതാക്കള്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഛത്തിസ്ഗഢില്‍ നക്സലുകളെ നേരിടുന്നതിന് ഭരണകൂടം ആയുധ സന്നാഹങ്ങള്‍ നല്‍കി രൂപവത്കരിച്ച കുട്ടിപ്പട്ടാളമായ ‘സാല്‍വ ജുദും’ ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീംകോടതി നിരോധിച്ചത് നന്ദിനി സുന്ദറും മറ്റും നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായ സിദ്ധാര്‍ഥ് വരദരാജന്‍െറ ഭാര്യയാണ് നന്ദിനി സുന്ദര്‍.
ഇക്കഴിഞ്ഞ നാലിന് റായ്പുരില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ നമ ഗ്രാമത്തില്‍ മാവോവാദികള്‍ വകവരുത്തിയ ഷംനാഥ് ബഗ്ഹേലിന്‍െറ വിധവ നല്‍കിയ പരാതി പ്രകാരമാണ് ഛത്തിസ്ഗഢ് പൊലീസ് കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ വനിത പ്രഫസര്‍മാര്‍ക്കും മറ്റുമെതിരെ ചുമത്തിയത്. ഇവര്‍ക്കെതിരെ കൊല്ലപ്പെട്ട ബഗ്ഹേല്‍ നേരത്തെ പരാതിപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു.
നക്സല്‍ സ്വാധീന മേഖലയായ ബസ്തറിലും സുക്മയിലും സാല്‍വ ജുദുമിനു ബദലെന്നോണം താംഗിയ (ആക്സ്) ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏപ്രില്‍ മുതല്‍ തന്നെ ജനങ്ങള്‍ നക്സലുകള്‍ക്കെതിരെ സംഘടിച്ചു വരുന്നുണ്ടെന്നും ‘ജനകീയ കൂട്ടായ്മ’ ക്കെതിരെ നന്ദിനി സുന്ദറും മറ്റും അവിടെയത്തെി ഗ്രാമീണരെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് ഇപ്പോള്‍ വിശദീകരിക്കുന്നു. റിച്ച കേശവ് എന്ന വ്യാജ പേരിലാണ് നന്ദിനി സുന്ദര്‍ ചെന്നതെന്നും പറയുന്നു.
‘കത്തുന്ന കാട്: ബസ്തറിലെ ഇന്ത്യയുടെ യുദ്ധം’ എന്ന നന്ദിനിയുടെ പുസ്തകം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്. മാവോവാദി ആക്രമണം, ഭരണകൂട പീഡനം എന്നിവയുടെ പ്രത്യാഘാതം പഠിച്ച വസ്തുതാന്വേഷണ സംഘത്തില്‍ അംഗവുമായിരുന്നു. എന്നാല്‍, അതിനു ശേഷം ബസ്തര്‍ മേഖലയില്‍ പോയിട്ടുതന്നെ മാസങ്ങളായെന്ന് നന്ദിനി സുന്ദര്‍ പറഞ്ഞു. വനിത പ്രഫസര്‍മാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി ബസ്തര്‍ പൊലീസ് രണ്ടു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും എഴുതിയിട്ടുണ്ട്.
ഡല്‍ഹി യൂനിവേഴ്സിറ്റി പ്രഫസറായ നന്ദിനി സുന്ദര്‍ നേരത്തെ ജെ.എന്‍.യുവിലും യൂനിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗിലും അധ്യാപികയായിരുന്നു. 2013 വരെ ജാമിഅ മില്ലിയ സര്‍വകലാശാല ജവഹര്‍ലാല്‍ നെഹ്റു പഠന കേന്ദ്രത്തില്‍ അധ്യാപികയായിരുന്ന അര്‍ച്ചന പ്രസാദ്, ഡല്‍ഹി നെഹ്റു സ്മാരക മ്യൂസിയം ഫെലോയുമായിരുന്നു. ആദിവാസികളുടെ അതിജീവനം സംബന്ധിച്ച ആനുകാലിക ചരിത്ര ഗവേഷകയുമാണ്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.