2006ലെ ബോട്ട് ദുരന്തത്തിന്‍റെ ചിത്രം വാട്സ്ആപ് സ്റ്റാറ്റസാക്കി; കശ്മീർ മാധ്യമപ്രവർത്തകനെതിരെ കേസ്
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ 15 വർഷം മുമ്പുണ്ടായ ബോട്ടപകടം ഓർമിപ്പിച്ച് വാട്സ്ആപ് സ്റ്റാറ്റസിട്ട മാധ്യമപ്രവർത്തകനെതിരെ കേസ്. ബന്ദിപോറ ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകനായ സാജിത് റെയ്നക്കെതിരെയാണ് കേസ്.
സമാധാനം തകർക്കൽ, ഭീതി പരത്തുന്നതിനും കലാപത്തിനും കാരണമാകുന്നുവെന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
2006ൽ വുളാർ തടാകത്തിൽ ബോട്ട് മറിഞ്ഞ് 20 കുട്ടികൾ മുങ്ങിമരിച്ചിരുന്നു. അപകടത്തിന്‍റെ ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടാണ് സാജിത് റെയ്ന വാട്സ്ആപിൽ പങ്കുവെച്ചത്. 15ാമത് വാർഷിക ദിനത്തിലാണ് ദുരന്തം ഓർമിപ്പിക്കുന്നതിനായി സ്റ്റാറ്റസ് പങ്കുവെച്ചത്.
'എനിക്കെതിരായ കേസ് പിൻവലിക്കണമെന്ന് ഞാൻ പൊലീസിനോട് അഭ്യർഥിച്ചു. ബോട്ട് തകർന്ന് മരിച്ച 20 കുട്ടികളെ ഓർമിക്കുന്നതിന് വേണ്ടി മാത്രമാണ് ചിത്രം സ്റ്റാറ്റസാക്കിയത്. ആ പോസ്റ്റിന്‍റെ പേരിൽ, അവർ എനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു' -റെയ്ന പറഞ്ഞു.
അതേസമയം, 23കാരനായ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തതിനെ പൊലീസ് ന്യായീകരിച്ച പൊലീസ് മാധ്യമപ്രവർത്തകർക്കെതിരായ കേസല്ല രജിസ്റ്റർ ചെയ്തതെന്ന് അറിയിക്കുകയായിരുന്നു.
ബന്ദിപോറ പൊലീസ് സ്റ്റേഷനിൽ സാജിത് റെയ്ന എന്ന വ്യക്തിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായും 2021 മേയ് 30ലെ വാട്സ്ആപ് സ്റ്റാറ്റസ് പ്രകാരമാണ് കേസെടുത്തതെന്നും ജൂൺ നാലിന് പൊലീസ് ട്വീറ്റ് െചയ്തിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം രണ്ടു തവണ സാജിത് റെയ്നയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
കേസ് പിൻവലിക്കുമെന്ന് ബന്ദിപോറ എസ്.എസ്.പി ഉറപ്പുനൽകിയിരുന്നു. തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വാസം. അവർ തന്‍റെ ഭാവിയെയും പ്രഫഷനെയും കുറിച്ച് ചിന്തിക്കുമെന്നും എഫ്.ഐ.ആർ പിൻവലിക്കുമെന്ന് ഉറപ്പുള്ളതായും സാജിത് റെയ്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.