ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ ധനമന്ത്രി നിർമല സീതാരാമനെതിരെ കേസ്
text_fieldsന്യൂഡൽഹി: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ബംഗളൂരു കോടതി ഉത്തരവ്. ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ആദർശ് അയ്യർ എന്ന അഭിഭാഷകനാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.
ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് പൊലീസ് നിർമലക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസിന് പിന്നാലെ നിർമല സീതാരാമൻ രാജിവെക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.
നിർമല സീതാരാമനെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി. അവർ ആരാണ് ?. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി. അവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബി.ജെ.പി നിർമല സീതാരാമന്റെ രാജി ആവശ്യപ്പെടുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു.
വിവാദമായ ഇലക്ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയത്. 2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. രാഷ്ട്രീയ ഫണ്ടിങ്ങിന് സുതാര്യത കൊണ്ടുവരാനായിരുന്നു ഇലക്ടറൽ ബോണ്ട് എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.