ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാറ്റി; രാഹുൽ ഗാന്ധിക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് അസം സർക്കാർ. യാത്രക്കിടെ സംസ്ഥാന സർക്കാറിന്റെ നിർദേശങ്ങൾ ലംഘിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്.നിശ്ചയിച്ച റൂട്ടിൽ നിന്നും മാറിയാണ് യാത്ര സഞ്ചരിച്ചതെന്നാണ് പൊലീസ് ആരോപണം. ജോർഹാട്ട് നഗരത്തിൽ വെച്ചായിരുന്നു യാത്രക്ക് റൂട്ട്മാറ്റമുണ്ടായത്. യാത്രയുടെ റൂട്ടുമാറ്റം റോഡിൽ തടസ്സങ്ങൾക്ക് കാരണമായെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
കെ.ബി ബൈജു ഉൾപ്പടെയുള്ള പരിപാടിയുടെ സംഘാടകർ യാത്രയിൽ പങ്കെടുത്ത ആളുകളോട് ട്രാഫിക് ബാരിക്കേഡുകൾ മറികടക്കാനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദിക്കാനും നിർദേശിച്ചുവെന്ന ആരോപണവും അസം പൊലീസ് ഉന്നയിച്ചിട്ടുണ്ട്. യാത്രക്ക് അനാവശ്യ തടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അസം പൊലീസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ദേബാബാർത്ര സെയ്ക പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രക്കായി ജോർഹാട്ട് നഗരത്തിൽ അനുവദിച്ച റൂട്ടും ചെറുതാണ്. വലിയൊരു ജനക്കൂട്ടം യാത്രക്കായി നഗരത്തിൽ എത്തിയിരുന്നു. അതിനാൽ കുറച്ച് ദൂരം യാത്ര വഴിമാറ്റേണ്ടി വന്നു. അസമിലെ യാത്രയുടെ വിജയം കണ്ട് ഭയന്ന ഹിമന്ത ബിശ്വ ശർമ്മ കേസെടുത്ത് ഇതിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും സെയ്ക കൂട്ടിച്ചേർത്തു.
ജനുവരി 25 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോ മീറ്റർ സഞ്ചരിക്കും. ജനുവരി 14ന് മണിപ്പൂരിൽ നിന്നാണ് യാത്ര തുടങ്ങിയത്. മാർച്ച് 20ന് മുംബൈയിലാണ് യാത്ര അവസാനിക്കുക. 67 ദിവസത്തിനുള്ളിൽ 6,713 കിലോ മീറ്റർ ദൂര യാത്ര സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിൽ യാത്രയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.