രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു
text_fieldsബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം നടത്തിയ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. ബംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ കർണാടക കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
യു.എസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശമായിരുന്നു കേന്ദ്ര മന്ത്രി ബിട്ടുവിനെ ചൊടിപ്പിച്ചത്. രാഹുൽ ഒന്നാന്തരം ഭീകരവാദിയാണെന്നും രാജ്യദ്രോഹികൾ അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ടെന്നും ബിട്ടു ആരോപിച്ചു. രാഹുലിനെ പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. യു.എസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാൽ പ്രസ്താവന വിവാദമായിട്ടും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നാണ് രവ്നീത് സിങ് ബിട്ടു പറയുന്നത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് അജയ് മാക്കനും അഖിലേന്ത്യ മഹിള കോൺഗ്രസ് അധ്യക്ഷ അൽക ലംബയും നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. ബി.ജെ.പി നേതാവ് തൻവീന്ദർ സിങ് മർവ, ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്‍വാദ്, ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവർക്കെതിരെയും പരാതികളിൽ നടപടി ആവശ്യപ്പെടുന്നുണ്ട്. പരാതിയുടെ പകർപ്പ് തെരഞ്ഞെടുപ്പ് കമീഷനും നൽകിയിട്ടുണ്ട്.
‘സെപ്റ്റംബർ 15ന് രവ്നീത് ബിട്ടു മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്തെ നമ്പർ വൺ ഭീകരവാദി എന്ന് വിശേഷിപ്പിച്ചു. അക്രമവും സമാധാന ലംഘനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ വിദ്വേഷവും രോഷവും ഉണ്ടാക്കാൻ ബിട്ടു ബോധപൂർവം പ്രസ്താവന നടത്തുകയായിരുന്നു. ഇത് ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു’ -അജയ് മാക്കൻ നൽകിയ പരാതിയിൽ പറയുന്നു.
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയയാളാണ് പരാതിയിൽ പരാമർശിക്കുന്ന ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ. ‘രാഹുൽ ഗാന്ധി, നിങ്ങൾ നന്നായി പെരുമാറണം, അല്ലാത്തപക്ഷം, വരും കാലങ്ങളിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേവിധി നിങ്ങൾ നേരിടേണ്ടിവരും’ എന്നിങ്ങനെയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു ശിവസേന ഷിണ്ഡെ വിഭാഗം എം.എൽ.എ സഞ്ജയ് ഗെയ്ക്വാദിന്റെ വാഗ്ദാനം. സംവരണ വിഷയത്തിലെ രാഹുലിന്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു ഗെയ്ക്വാദിന്റെ വിവാദ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.