ദാവൂദ് ഇബ്രാഹിമിന്റെയും ബിഷ്ണോയിയുടെയും ഫോട്ടോ പതിച്ച ടി-ഷർട്ട് വിറ്റു; ഇ-കൊമേഴ്സ് സൈറ്റുകൾക്കെതിരെ കേസ്
text_fieldsമുംബൈ: പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റേയും ജയിലിലടച്ച ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെയും ചിത്രങ്ങൾ പതിച്ച ടി-ഷർട്ട് വിറ്റെന്ന് ആരോപിച്ച് ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്കെതിരെ മഹാരാഷ്ട്ര സൈബർ പൊലീസ് കേസെടുത്തു. ഫ്ലിപ്കാർട്ട്, എറ്റ്സി, അലിഎക്സ്പ്രസ്, ടീഷോപ്പർ എന്നീ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് കേസ്. ഇവയിലെല്ലാം ദാവൂദിന്റെയും ബിഷ്ണോയിയുടെയും ചിത്രം പതിച്ച ടി-ഷർട്ടുകൾ വിൽപ്പനക്ക് വെച്ചതായി ഓൺലൈൻ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ക്രിമിനലുകളുടെ ചിത്രം പതിച്ച ഉൽപ്പന്നങ്ങൾ സമൂഹത്തിന് ഭീഷണിയാണെന്നും യുവാക്കളെ ഇത് മോശം രീതിയിൽ സ്വാധീനിക്കുമെന്നും സൈബർ സെല്ലിലെ ഉന്നതോദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 1500 രൂപക്ക് മുകളിൽ വില ഈടാക്കിയാണ് ദാവൂദിന്റെ ചിത്രം പതിച്ച ടി-ഷർട്ട് എറ്റിസിയിൽ വിൽക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ ലോറൻസ് ബിഷ്ണോയിയുടെ ചിത്രം പതിച്ച ടി-ഷർട്ട് മീഷോ, ഫ്ലിപ്കാർട്ട്, ടീഷോപ്പർ എന്നിവയിലൂടെ വിൽക്കുന്നതായി നിരവധി എക്സ് ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. ചിത്രങ്ങൾ സഹിതമായിരുന്നു സമൂഹമാധ്യമത്തിൽ ഇക്കാര്യം ചർച്ചയായത്. ഇതിനു പിന്നാലെയാണ് സൈബർ പൊലീസിന്റെ നടപടി.
67കാരനായ ദാവൂദ് ഇബ്രാഹിം, 1993ലെ മുംബൈ സ്ഫോടന പരമ്പര ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഒളിവിൽ പോയ ദാവൂദിനെ പിടികൂടാൻ ഇന്ത്യൻ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 70ലേറെ കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്ണോയ് നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ തടവിലാണ്. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖി ഉൾപ്പെടെയുള്ള പ്രമുഖരുടെ കൊലപാതകത്തിനു പിന്നിൽ ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡ് താരം സൽമാൻ ഖാനെതിരെ നിരന്തരമായി ബിഷ്ണോയ് ഗ്യാങ് വധഭീഷണി മുഴക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.