വിദ്വേഷ പ്രചാരണം നടത്തിയെന്ന് എ.ബി.വി.പിയുടെ പരാതി; യു.പി കോൺഗ്രസ് പ്രസിഡന്റിനെതിരെ കേസ്
text_fieldsവാരാണസി: വിദ്വേഷ പ്രചാരണം നടത്തിയെന്ന എ.ബി.വി.പിയുടെ പരാതിയിൽ ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് റായിക്കെതിരെ കേസെടുത്തു. ബനാറസ് ഹിന്ദു സർവകലാശാല കാമ്പസിൽ നടന്ന പീഡനത്തിൽ എ.ബി.വി.പി അംഗങ്ങൾക്ക് പങ്കുണ്ടെന്നായിരുന്നു റായിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ, വിവിധ വകുപ്പുകൾ പ്രകാരം ലങ്ക പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് ഇൻസ്പെക്ടർ (ക്രൈം) സഹജാനന്ദ് ശ്രീവാസ്തവ് പറഞ്ഞു.
തനിക്കെതിരായ പരാതി എ.ബി.വി.പിയുടെ പരിഭ്രാന്തിയാണ് കാണിക്കുന്നതെന്ന് അജയ് റായി പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിയാൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുമെന്നും പുറത്തുനിന്നുള്ളവരെ പാർപ്പിക്കുന്ന എ.ബി.വി.പിയുടെ ഒളിസങ്കേതമായി സർവകലാശാല മാറിയിരിക്കയാണെന്നും അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് പീഡനസംഭവം ഉണ്ടായത്. പെൺകുട്ടി സുഹൃത്തിനൊപ്പം ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ ബലമായി പിടിച്ചുകൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. പിന്നീട് വിട്ടയക്കുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.