പെരുമാറ്റച്ചട്ട ലംഘനത്തിന് കെ. അണ്ണാമലൈക്കെതിരെ കേസെടുത്തു
text_fieldsചെന്നൈ: ബി.ജെ.പി തമിഴ്നാട് അധ്യക്ഷനും കോയമ്പത്തൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥിയുമായ കെ. അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. രാത്രി പത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് കോയമ്പത്തൂർ പീളമേട് പൊലീസാണ് കേസെടുത്തത്.
രാത്രി പത്തിന് ശേഷം നഗരത്തിലെ ആവരംപാളയത്ത് നടന്ന പ്രചാരണവുമായി ബന്ധപ്പെട്ട് അണ്ണാമലൈ, ബി.ജെ.പി കോയമ്പത്തൂർ പ്രസിഡന്റ് രമേഷ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചട്ടലംഘനത്തിന് കേസെടുത്തത്. രാത്രി 10 വരെയാണ് പ്രചാരണത്തിന് അനുമതിയുള്ളത്.
നേരത്തെ, അണ്ണാമലൈക്കെതിരെ ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കന്നി വോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. മത്സരങ്ങളുമായി ബന്ധപ്പെട്ട ബോർഡുകളിൽ നരേന്ദ്ര മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയത് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മത്സരങ്ങളുടെ മറവില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ബി.ജെ.പിക്ക് നീക്കമുണ്ടെന്നും മത്സരങ്ങള്‍ തടയണമെന്നും ഡി.എം.കെ പരാതിയില്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.