ഫണ്ട് തിരിമറി: മേധാപട്കർക്കെതിരെ മധ്യപ്രദേശിൽ കേസ്; ആരോപണത്തിന് പിന്നിൽ ആർ.എസ്.എസുകാരെന്ന് മേധ
text_fieldsന്യൂഡൽഹി: ഫണ്ട് ദുരുപയോഗത്തിന് സാമൂഹിക പ്രവർത്തക മേധാ പട്കറിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. നർമദ ബചാവോ പ്രസ്ഥാനത്തിന്റെ സ്ഥാപകയായ മേധാ പട്കറും മറ്റു 11 പേരും ചേർന്ന് ഗോത്ര വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനെന്ന പേരിൽ ശേഖരിച്ച തുക തിരിമറി നടത്തിയെന്നാണ് കേസ്. നർമദ നവനിർമാൺ അഭിയാൻ ആണ് തുക ശേഖരിച്ചത്. ഇൗ തുക ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് മേധക്കെതിരെ കേസ് രജിസ്റ്റർചെയ്തത്.
പ്രീതം രാജ് ബദോലെയാണ് പരാതിക്കാരൻ. മേധാ പട്കർ സാമൂഹിക പ്രവർത്തകയായി ആൾമാറാട്ടം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയണെന്ന് പരാതിയിൽ ആരോപിക്കുന്നു. അവർ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഗോത്രകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ പ്രവർത്തിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ആരോപണങ്ങൾ നിഷേധിച്ച മേധ, തനിക്ക് ഔദ്യോഗിക നോട്ടീസൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉണ്ടെങ്കിൽ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും പറഞ്ഞു.
'ഞങ്ങളുടെ കൈയിൽ ഓഡിറ്റ് റിപ്പോർട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം അത് മറുപടി നൽകും. ഞങ്ങൾ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ നൽകിയ കേസ് വിജയിച്ചതാണ്. എപ്പോഴും ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാവുന്നതാണ്. പരാതി എ.ബി.വി.പി പ്രവർത്തകൻ നൽകിയതാണ്.അവർ ആർ.എസ്.എസുമായി ബന്ധപ്പെട്ടവരാണെന്നും മേധാ പട്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.