ആന്ധ്ര മുഖ്യമന്ത്രിയുടെ ‘മോർഫ് ചെയ്ത’ ചിത്രങ്ങൾ പ്രചരിപ്പിച്ചു; സംവിധായകൻ രാംഗോപാൽ വർമക്കെതിരെ കേസ്
text_fieldsഅമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉൾപ്പെടെ തെലുഗു ദേശം പാർട്ടി നേതാക്കളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ സംവിധാകൻ രാം ഗോപാൽ വർമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നായിഡുവിന് പുറമെ മകൻ നര ലോകേഷ്, ജനസേന പാർട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ എന്നിവരുടെ ചിത്രവും രാംഗോപാൽ വർമ പങ്കുവെച്ചിരുന്നു. പ്രകാശം ജില്ലയിലെ മഡിപ്പാട് പൊലീസ് സ്റ്റേഷനിൽ ടി.ഡി.പി നേതാവ് രാമലിംഗമാണ് പരാതി നൽകിയത്.
നായിഡുവിനെയും പവൻ കല്യാണിനെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് രാംഗോപാൽ വർമയുടേതെന്ന് പരാതിക്കാരൻ ആരോപിച്ചു. സമൂഹത്തിൽ ഇവരുടെ നില എന്താണെന്ന് ചിന്തിക്കാതെയാണ് പോസ്റ്റെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചു. ഞായറാഴ്ചയാണ് രാംഗോപാൽ വർമ അധിക്ഷേപകരമെന്ന് പറയുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഐ.ടി നിയമം പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
നിന്ദാകരമായ രീതിയിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് രാംഗോപാൽ വർമക്കെതിരെ കേസെടുത്തതായി പ്രകാശം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വൈ.എസ്.ആർ. കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന രാംഗോപാൽ വർമ, തുടർച്ചയായി നായിഡുവിനെ വിമർശിക്കുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.