സ്ത്രീവിരുദ്ധ പരാമർശം: മൻസൂർ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് വനിത കമീഷൻ
text_fieldsന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് ദേശീയ വനിതാ കമീഷൻ. ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു.
പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്, വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നുമായിരുന്നു തൃഷയുടെ പരാമർശം. "എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാൾക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ എന്നെന്നും കടപ്പെട്ടിരിക്കും. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്". തൃഷ കുറിച്ചു.
ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും തൃഷക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പറഞ്ഞു.എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ, ഹകലാകാരന്മാർ, പ്രൊഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മൻസൂർ അലി ഖാനെതിരെ വിമർശനവുമായി നടിയും ബി.ജെ.പി നേതാവും വനിത കമീഷൻ അംഗവുമായ ഖുശ്ബു സുന്ദറും രംഗത്തെത്തിയിരുന്നു. ചില പുരുഷന്മാർ ഒരു സ്ത്രീയെ അപമാനിക്കുന്നതോ അവളെക്കുറിച്ച് ഏറ്റവും അനാദരവോടെ സംസാരിക്കുന്നതോ തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്നുണ്ടെന്നും മൻസൂർ അലി ഖാന്‍റെ വീഡിയോ ഇതിന് ഉദാഹരണമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു ഖുശ്ബുനിന്‍റെ പ്രതികരണം. ഖുശ്ബു സുന്ദർ, റോജ തുടങ്ങിയ നടിമാർക്കെതിരെയും മൻസൂർ അലി വിവാദ പരാമർശം നടത്തിയിരുന്നു.
അതേസമയം പരാമർശം വിവാദമായതോടെ താൻ പറഞ്ഞത് തമാശയാണെന്നായിരുന്നു മൻസൂർ അലിയുടെ പ്രതികരണം. ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മൻസൂർ അലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
“ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം" മൻസൂർ അലി ഖാൻ കുറിച്ചു.
സഹനടിമാരോട് തനിക്ക് ബഹുമാനമാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.