ഇരട്ടകളെ ഒരേ വേദിയിൽ താലികെട്ടി 'താരമായി', വിഡിയോ വൈറലായതോടെ പിന്നെ സംഭവിച്ചത്
text_fieldsഒരു യുവാവ് ഒരേ സമയം ഇരട്ട സഹോദരികളെ വിവാഹം ചെയ്യുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. യുവാവിന് പൂമാല ചാർത്താൻ യുവതികൾ മത്സരിക്കുന്നതിന്റെ വിഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവാവിന്റെ ഭാഗ്യമെന്നും നിർഭാഗ്യമെന്നുമൊക്കെയുള്ള അടിക്കുറിപ്പോടെയാണ് ഈ വിഡിയോ പലരും പങ്കുവെക്കുന്നത്. എന്നാൽ, വിഡിയോ വൈറലായതോടെ യുവാവിന് ഒാർക്കാപ്പുറത്താണ് പുതിയൊരു 'പണി' കിട്ടിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വാർത്തകളിൽ നിറഞ്ഞ വിവാഹം നടന്നത്. മഹാരാഷ്രടയിലെ സോളാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിലായിരുന്നു ഇരട്ടകളുടെ വിവാഹം. മുംബൈയിൽ ഐ.ടി പ്രഫഷനലുകളായ സഹോദരിമാരാണ് ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ചത്.
വിവാഹത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതോടെ വിവാഹത്തിനെതിരേ പരാതി ഉയരുകയും ബുഹുഭാര്യത്വത്തിന് വരനെതിരേ അക്ലുജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 494 ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്. പങ്കാളി ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ വിവാഹം ചെയ്യുന്നതിനെതിരായ ഈ വകുപ്പനുസരിച്ച് ഏഴു വർഷം വരെ തടവോ പിഴ ചേർത്തോ ശിക്ഷ ലഭിക്കാം. എന്നാൽ, വാറന്റ് കൂടാതെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യില്ലെന്നു മാത്രം.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നതെന്ന് വധൂവരൻമാരുടെ കുടുംബങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഘോഷ പൂർവമുള്ള വിവാഹത്തിൽ ഇരു കുടുംബങ്ങളും പങ്കെടുത്തിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് യുവതികളുടെ പിതാവ് മരിച്ചത്. തുടർന്ന് യുവതികൾ മാതാവിനൊപ്പമായിരുന്നു താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.