‘സംഘ്പരിവാർ നേതാക്കൾക്കെതിരെ കേസെടുത്തത് പ്രതിഷേധിച്ചതിനല്ല, വിദ്വേഷ പ്രസംഗം നടത്തിയതിന്’
text_fieldsമംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജ് സംഭവത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കെതിരെ കേസെടുത്തുവെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവെൽ, ഉടുപ്പി ജില്ല സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉടുപ്പി ജില്ല പ്രസിഡന്റ് വീണ ഷെട്ടി എന്നിവർക്കെതിരെ ഉടുപ്പി ടൗൺ പൊലീസ് സ്വമേധയാ കേസെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
രാമരാജ്യത്തെക്കുറിച്ചും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന സംസാരവും ഒരേ നാവിൽ കൊണ്ടുനടക്കുന്ന സംഘ്പരിവാർ സമൂഹത്തിനും രാഷ്ട്രത്തിനും ആപത്താണ്. മാനവികതയാണ് കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത്. എന്തും വിളിച്ചു പറയാം എന്ന അവസ്ഥ കോൺഗ്രസ് ഭരണത്തിൽ നടക്കില്ല. പൊലീസ് അവരുടെ ജോലി ചെയ്യും.
ഉഡുപ്പി കോളജ് സംഭവത്തിന്റെ അന്വേഷണം നീതിപൂർവവും നിഷ്പക്ഷമായുമാണ് മുന്നോട്ട് പോവുന്നത്. ബാഹ്യ ഇടപെടൽ ഒന്നും ഇല്ലാതെ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകി. വനിത-ശിശുവികസന മന്ത്രി, സ്ത്രീ എന്നീ നിലകളിൽ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ വ്യക്തമാക്കി.
ഗൃഹലക്ഷ്മി പദ്ധതിയിൽ കോടിയോളം കുടുംബങ്ങൾ ഇതിനകം റജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. ഈ മാസം 18നോ 20നോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.