വസതി ആക്രമിച്ച് ഒന്നര കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചതായി മണിപ്പൂർ എം.എൽ.എയുടെ മാതാവ്
text_fieldsഇംഫാൽ: നവംബർ 16 ന് നിയമസഭാംഗത്തിന്റെ വസതി തകർത്ത് ജനക്കൂട്ടം ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കൊള്ളയടിച്ചതായി മണിപ്പൂരിലെ ജെ.ഡി.യു എം.എൽ.എ കെ.ജോയ്കിഷൻ സിങ്ങിന്റെ മാതാവ് പൊലീസിൽ പരാതി നൽകി. വെസ്റ്റ് ഇംഫാലിലെ തങ്‌മൈബന്ദ് ഏരിയയിലെ എം.എൽ.എയുടെ വസതിയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കായി സൂക്ഷിച്ചിരുന്ന നിരവധി ഭക്ഷ്യവസ്തുക്കളും കൊള്ളയടിച്ചതിൽപ്പെടുമെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
നവംബർ 16ന് വൈകുന്നേരം രണ്ടു മണിക്കൂറോളം അഴിഞ്ഞാടിയ ജനക്കൂട്ടം നിയമസഭാംഗത്തിന്റെ വസതി തകർത്തു. ആക്രമണം നടത്തുമ്പോൾ കുടുംബാംഗങ്ങളിൽ ഒരാളുടെ ചികിത്സക്കായി എം.എൽ.എ ഡൽഹിയിലായിരുന്നു. ജോയ്കിഷന്റെ വസതിയിൽനിന്ന് ഏതാനും മീറ്റർ അകലെയാണ് താങ്മൈബന്ദിലെ ടോംബിസാന ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്. ജോയ്കിഷന്റെ മേൽനോട്ടത്തിലായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലുള്ളവർക്ക് കഴിക്കാനുള്ള കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും തണുപ്പിൽ ധരിക്കാനുള്ള വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരുന്നു. ആ സാധന സാമഗ്രികളെല്ലാം കൊള്ളയടിച്ചെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു.
എം.എൽ.എയുടെ വസതി തകർക്കരുതെന്ന് ഞങ്ങൾ ആൾക്കൂട്ടത്തോട് അഭ്യർത്ഥിച്ചുവെന്ന് ദുരിതാശ്വാസ ക്യാമ്പ് നിയന്ത്രിക്കുന്ന സന്നദ്ധപ്രവർത്തകനായ സനായിയും പറഞ്ഞു. വീട്ടിലെ ലോക്കറുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. ഏഴ് ഗ്യാസ് സിലിണ്ടറുകളും ജനക്കൂട്ടം കൊണ്ടുപോയി. ആക്രമണത്തിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും നശിപ്പിചവെന്നും സനായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.