മോദിയുടെ നേതൃത്വത്തിൽ ധ്രുവീകരണ ശ്രമം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വർഗീയ, വിഭാഗീയ വിഷയങ്ങൾ ബി.ജെ.പി തെരഞ്ഞെടുപ്പിൽ ദുരുപയോഗിക്കുന്നതിനെതിരെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷനിൽ. രാമനും രാമക്ഷേത്രവും പ്രചാരണ വിഷയങ്ങളാക്കിയതിന് പിന്നാലെ മുസ്ലിംലീഗ്, ലവ് ജിഹാദ് വിഷയങ്ങളും ഉയർത്തിയതിനെതുടർന്നാണ് കോൺഗ്രസ് നേതൃസംഘം തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത്. പെരുമാറ്റച്ചട്ടത്തിനും ഇന്ത്യൻ ശിക്ഷ നിയമ വ്യവസ്ഥകൾക്കും എതിരാണ് മോദിയുടെ പരാമർശങ്ങളെന്ന് സംഘം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഭിന്നിപ്പിക്കുംവിധം മുസ്ലിംലീഗിന്റെ ചിന്താഗതി പതിഞ്ഞതാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നടത്തിയ ഒരു പരാമർശം. ദേശീയയോദ്ഗ്രഥനത്തോടും സനാതന ധർമത്തോടുമുള്ള പകയാണ് കോൺഗ്രസ് നേതാക്കളുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നതെന്നും പ്രസംഗിച്ചു. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും ഭൂരിപക്ഷത്തെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയും പറഞ്ഞു. രാമായണം സീരിയൽ തെരഞ്ഞെടുപ്പു കാലത്ത് പുനഃസംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെ ഒരു സമുദായത്തെ വില്ലന്മാരാക്കുന്ന കഥ പ്രമേയമാക്കിയ ‘ദി കേരള സ്റ്റോറി’യും പൊതുസ്ഥാപനമായ ദൂരദർശൻ പ്രദർശിപ്പിക്കുകയാണ്. ലവ് ജിഹാദ് ചർച്ച കൊഴുപ്പിച്ച് വർഗീയ ധ്രുവീകരണത്തിനും സാമുദായിക അസ്വസ്ഥത സൃഷ്ടിക്കാനുമാണ് ഇതെന്ന് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം നിർമിച്ചതിൽ കോൺഗ്രസും ഇൻഡ്യ മുന്നണിയും രോഷാകുലരായതുകൊണ്ട് പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് ഛത്തിസ്ഗഢിലെ ബസ്തറിൽ മോദി തിങ്കളാഴ്ച നടത്തിയ പ്രസംഗം. പ്രചാരണത്തിൽ ആരാധനാലയങ്ങളോ മതചിഹ്നങ്ങളോ ദുരുപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരിക്കേ തന്നെയാണിത്. സായുധസേനയെ പ്രചാരണത്തിൽ തുടർച്ചയായി ദുരുപയോഗിക്കുന്നു, തിരുവനന്തപുരത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം തെറ്റായി നൽകി, ഡൽഹി യൂനിവേഴ്സിറ്റിയുടെ കാമ്പസുകളിൽ തെരഞ്ഞെടുപ്പു ചട്ടത്തിന് വിരുദ്ധമായി മോദിയുടെ കൂറ്റൻ ബോർഡുകൾ സ്ഥാപിക്കുന്നു തുടങ്ങിയ പരാതികളും സൽമാൻ ഖുർഷിദ്, മുകുൾ വാസ്നിക് എന്നിവരുടെ നേതൃത്വത്തിൽ കമീഷനെ സമീപിച്ച കോൺഗ്രസ് സംഘം ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.