തമിഴ്നാട്ടിൽ വീണ്ടും ജാതിപ്പേര് വിളിച്ച് ആക്രമണം; പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ മർദിച്ചത് പത്ത് പേരടങ്ങുന്ന സംഘം
text_fieldsചെന്നൈ: തൂത്തുക്കുടിയിൽ പ്ലസ് വൺ വിദ്യാർഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചും ആക്രമിച്ചും സഹപാഠികളടങ്ങുന്ന സംഘം. ആഗസ്റ്റ് 17നായിരുന്നു പത്ത് പേരടങ്ങുന്ന സംഘം വിദ്യാർഥിയെ മർദിച്ചത്. കലുഗുമലൈ ഗവൺമെന്‍റ് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഹരിപ്രസാദിനാണ് പരിക്കേറ്റത്.
അടുത്തിടെ സ്കൂളിൽ ഹരിപ്രസാദിന്‍റെ സുഹൃത്തും മറ്റൊരു കുട്ടിയും തമ്മിൽ തർക്കം നടന്നിരുന്നു. ഇത് പരിഹരിക്കാൻ ഇടപെട്ട ഹരിയെ മറ്റ് വിദ്യാർഥികൾ ജാതീയ പരാമർശങ്ങൾ നടത്തി ആക്രമിക്കുകയായിരുന്നു. തമിഴ്നാട്ടിലെ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന പള്ളാർ സമുദായക്കാരനാണ് ഹരിപ്രസാദ്. അന്നേ ദിവസം വൈകീട്ടോടെ പത്ത് പേരടങ്ങുന്ന സംഘം ഹരിപ്രസാദിനെ അന്വേഷിച്ച് ലക്ഷിപുരത്തെത്തുകയും അമ്പലത്തിൽ തനിച്ചിരിക്കുന്നത് കണ്ട വിദ്യാർഥിയെ യാതൊരു പ്രകോപനവുമില്ലാതെ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. കൊല്ലുമെന്ന് സംഘം വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ മാതാപിതാക്കളാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ ആക്രമികൾക്കെതിരെ കലുഗുമലൈ പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് പേരെ വിഷയത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഏതാനും കോളേജ് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പന്ത്രണ്ടാം ക്ലാസുകാരനായ ദലിത് വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ജാതീയ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. ചിന്നദുരൈ എന്ന വിദ്യാർഥിയെ ക്ലാസിലെ മറ്റ് കുട്ടികൾ ജാതി അധിക്ഷേപത്തിന് വിധേയനാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപിക താക്കീത് നൽകിയതിന് പിന്നാലെ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് ചിന്നദുരൈയെ മർദിക്കുകയായിരുന്നു. ക്ലാസില് ദിവസങ്ങളോളം വരാതിരുന്നതോടെ അദ്യാപിക വീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്.
അക്രമം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കിടയിലെ ജാതി വിവേചനം തടയുന്നതിനുള്ള നിർദേശങ്ങൾ ശുപാർശ ചെയ്യാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ ഏകാംഗ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിട്ടിരുന്നു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.