'അയിത്തം'; കർണാടകയിൽ വിവാഹ സംഘം എത്തുന്നതിന് മുമ്പേ ക്ഷേത്രം അടച്ചു
text_fieldsബംഗളൂരു: കർണാടകയിൽ വിവാഹ സംഘം പ്രാർഥനക്ക് എത്തുന്നതിന് മുന്നോടിയായി അയിത്തം ആരോപിച്ച് ക്ഷേത്രം അടച്ചു. ഗദാഗ് ജില്ലയിലെ ശ്യഗോതി ഗ്രാമത്തിലാണ് സംഭവം. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ശരണു മഡാർ എന്ന കർഷകന്‍റെ വിവാഹദിനത്തിലായിരുന്നു സംഭവം. വിവാഹത്തിന് മുന്നോടിയായുള്ള 'ദേവര കാര്യ' പൂജകൾക്കായി ശരണുവും കുടുംബാംഗങ്ങളും ദ്യാമവ്വ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു. എന്നാൽ, ക്ഷേത്രവും വഴിയിലെ കടകളുമെല്ലാം അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കാണാനായത്.
സവർണജാതിയിൽ പെട്ട ചിലയാളുകളുടെ നിർദേശപ്രകാരമാണ് ക്ഷേത്രവും കടകളും അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ആരോപിച്ചു. താഴ്ന്ന ജാതിക്കാരായ കുടുംബം എത്തുമ്പോൾ കടകൾ തുറന്നാൽ 2500 രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്രെ.
ജനുവരി 21ന് നടന്ന ഔദ്യോഗിക പരിപാടിയിലാണ് ഗദാഗ് ഡെപ്യൂട്ടി കമീഷണറുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിയത്. തുടർന്ന് തഹസിൽദാറോട് സ്ഥലം സന്ദർശിച്ച് പ്രശ്നം പരിഹരിക്കാൻ അദ്ദേഹം നിർദേശിച്ചു. എന്നാൽ, ഫലപ്രദമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശ്നം വീണ്ടുമുയർന്നതിനെ തുടർന്ന് മേഖലയിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
എന്തുകൊണ്ടാണ് ക്ഷേത്രം അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ചോദിച്ചപ്പോൾ, രാവിലെ മുതൽക്കേ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, രാവിലെ കടകളും ക്ഷേത്രവും തുറന്നിരുന്നുവെന്നും തങ്ങൾ വരുന്നതിന് മുന്നോടിയായാണ് അടച്ചതെന്നും ഇവർ തഹസിൽദാർക്ക് നൽകിയ പരാതിയിൽ പറയുന്നു.
'ഞങ്ങളുടെ കുടുംബത്തിൽ എന്ത് പരിപാടിയുണ്ടായാലും കടകൾ അടക്കും. പിഴ അടക്കേണ്ടിവരുമെന്ന ഭയത്താലാണ് കടക്കാർ അങ്ങനെ ചെയ്യുന്നത്. ഈ സാഹചര്യം നിരവധി ഗ്രാമങ്ങളിലുണ്ട്. ഇതിന്‍റെ കാരണം തുറന്നുപറയാനും കടയുടമകൾ തയാറല്ല. കടകളിൽ നിന്ന് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടാൽ അത് ഇല്ല എന്ന മറുപടിയാണ് കിട്ടാറ്. ഈ പ്രശ്നത്തെ തുടർന്ന് ക്ഷേത്രത്തിൽ തഹസിൽദാർ നേരത്തെ സമാധാന യോഗം വിളിച്ചിരുന്നു. യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കാമെന്ന് സവർണജാതിയിൽപെട്ടവർ അന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പഴയ രീതിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു' -ശരണു പറയുന്നു.
ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സാമൂഹിക സമത്വത്തെ കുറിച്ച് ബോധവത്കരണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഗദാഗ് തഹസിൽദാർ കിഷൻ കലാൽ പറഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം ഒരു രീതി അവസാനിപ്പിക്കാനായി കർശന നിർദേശം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.