ജാതി സെൻസസ്: കർണാടക കോൺഗ്രസിൽ ചേരിതിരിവ്
text_fieldsബംഗളൂരു: കർണാടകയിലെ സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) സർക്കാറിന് മുന്നിൽ സമർപ്പിക്കാനിരിക്കെ ഭരണകക്ഷിയായ കോൺഗ്രസിൽ ചേരിതിരിവ്. സർവേ റിപ്പോർട്ടിനെതിരായി പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയിലെയും ജെ.ഡി-എസിലെയും വൊക്കലിഗ നേതാക്കളുടെ നേതൃത്വത്തിൽ വൊക്കലിഗ സംഘ സമർപ്പിച്ച നിവേദനത്തിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഒപ്പുവെച്ചു. ഉപമുഖ്യമന്ത്രി കൂടിയായ ശിവകുമാറിന് പുറമെ, കോൺഗ്രസിൽനിന്ന് ചില മന്ത്രിമാരും എം.എൽ.എമാരും നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഡേറ്റ സഹിതം റിപ്പോർട്ട് തള്ളണമെന്നാണ് വൊക്കലിഗ സംഘത്തിന്റെ ആവശ്യം. ജാതിസെൻസസിനെതിരെ പ്രമുഖ വൊക്കലിഗ സന്യാസിമാരടക്കം അണിനിരന്ന യോഗത്തിൽ ഡി.കെ. ശിവകുമാറും പങ്കെടുത്തിരുന്നു. മറ്റൊരു പ്രബല സമുദായമായ വീരശൈവ ലിംഗായത്തുകളും ജാതി സെൻസസിനെതിരാണ്. മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാമന്നൂർ ശിവശങ്കരപ്പയാണ് അഖില ഭാരതീയ വീരശൈവ മഹാസഭയുടെ അധ്യക്ഷൻ. ഇതോടെ ജാതി സെൻസസ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിനും കോൺഗ്രസിനും ഇരുതല മൂർച്ചയുള്ള വാളായി മാറും. ജാതി സെൻസസ് റിപ്പോർട്ട് സമർപ്പിക്കേണ്ട പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്ഡേയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ, രണ്ടു മാസത്തേക്ക് ദീർഘിപ്പിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാർ നിർദേശപ്രകാരം, 2015ൽ ആരംഭിച്ച് 2018ൽ പൂർത്തിയാക്കിയ സർവേയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.