ജാതി സെൻസസിന് സമ്മർദം; ബിഹാർ സംഘം പ്രധാനമന്ത്രിക്കു മുന്നിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഒ.ബി.സി വിഭാഗങ്ങളുടെ ദീർഘകാല ആവശ്യമായ ജാതി സെൻസസ് നടത്താൻ ബിഹാറിൽനിന്നുള്ള സർവകക്ഷി സംഘം തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടു. ബിഹാറിലെ മറ്റു കക്ഷികളെല്ലം ജാതി സെൻസസിന് ആവശ്യമുന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്ന് നയിച്ച സംഘത്തിൽ ബി.ജെ.പി പ്രതിനിധിയും ചേർന്നു. അതിനിടെ, ജാതി സെൻസസ് ആവശ്യമുയർത്തി സർവകക്ഷി സംഘത്തെ അയക്കാൻ പട്ടാളി മക്കൾ കക്ഷി തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് ജനക് റാമും ജാതി സെൻസസ് വേണമെന്ന് തിങ്കളാഴ്ച മോദിയോട് ആവശ്യപ്പെട്ടത് നിർണായക വഴിത്തിരിവായി.
സർവകക്ഷി യോഗത്തിന് തൊട്ടുമുമ്പ് തെൻറ പാർട്ടി ജാതി സെൻസസിനൊപ്പമല്ല എന്നായിരുന്നു ബിഹാറിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി അഭിപ്രായപ്പെട്ടത്. കോൺഗ്രസ് നേതാവ് അജിത് ശർമ, മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതിൻ റാം മാഞ്ചി, ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും എം.എൽ.എയുമായ അക്തറുൽ ഇൗമാൻ തുടങ്ങിയവരും ഇടതുപക്ഷ പാർട്ടി പ്രതിനിധികളും നിതീഷും തേജസ്വിയും നയിച്ച ബിഹാർ സംഘത്തിലുണ്ടായിരുന്നു. ബിഹാറിലെ ജനങ്ങൾക്കും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ജാതി സെൻസസിൽ ഒരേ അഭിപ്രായമാണെന്നും ഉചിതമായ തീരുമാനം എടുക്കാൻ പ്രധാനമന്ത്രിേയാട് ആവശ്യപ്പെട്ടുവെന്നും കൂടിക്കാഴ്ചക്കുശേഷം ബിഹാർ മുഖ്യമന്ത്രി പറഞ്ഞു.
ജാതി സെൻസസിനായി ബിഹാർ നിയമസഭ രണ്ടുതവണ െഎകകണ്ഠ്യേന പ്രമേയം പാസാക്കിയ കാര്യം സർവകക്ഷി സംഘം പ്രധാനമന്ത്രിയെ ഒാർമിപ്പിച്ചുവെന്നും നിതീഷ് പറഞ്ഞു. കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ച സ്ഥിതിക്ക് ഇനി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ജാതി സെൻസസ് നടത്തിയാൽ സമൂഹത്തിൽ അസ്വസ്ഥതയുണ്ടാകുമെന്നാണെങ്കിൽ മതം തിരിച്ചുള്ള സെൻസസും ഒഴിവാക്കണമെന്ന് മോദിയോട് തങ്ങൾ പറഞ്ഞെന്നും തേജസ്വി കൂട്ടിച്ചേർത്തു. മതത്തിനും പട്ടികജാതി-വർഗ വിഭാഗത്തിനും കോളങ്ങളുള്ള സെൻസസിൽ ഒരു ജാതിക്കോളംകൂടി ചേർക്കേണ്ട കാര്യമേ ഉള്ളൂവെന്ന് തേജസ്വി യാദവ് മോദിയോട് പറഞ്ഞു.
അവസാന ജാതി സെൻസസ് 1931ൽ
ന്യൂഡൽഹി: 1931ൽ ബ്രിട്ടീഷ് ഇന്ത്യയിലാണ് ഏറ്റവുമൊടുവിൽ ജാതിതിരിച്ച സെൻസസ് നടത്തിയത്. അതിന് ശേഷം സ്വതന്ത്ര ഇന്ത്യയിൽ പട്ടികജാതി–വർഗ വിഭാഗങ്ങളുടെ െസൻസസ് മാത്രമാണ് ജാതിയുടെ അടിസ്ഥാനത്തിൽ നടക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ജാതിസമൂഹമായ 'മറ്റു പിന്നാക്ക വിഭാഗങ്ങളെ ഇതിലുൾപ്പെടുത്താറില്ല. സെൻസസിൽ ജാതി ഉൾപ്പെടുത്തുമെന്ന് 2018ൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് അതിൽനിന്ന് പിന്നോട്ടുപോകുകയായിരുന്നു.
ജാതി സെൻസസ് നടത്താൻ തീരുമാനം എടുത്താൽ പാർലമെൻറിനകത്തും പുറത്തും ബി.എസ്.പി കേന്ദ്രസർക്കാറിന് പിന്തുണ നൽകുമെന്ന് മായാവതിയും പറഞ്ഞിട്ടുണ്ട്. കേരളത്തിൽനിന്ന് ഇതുവരെ ഒരു രാഷ്ട്രീയപാർട്ടിയും ഇൗ ആവശ്യമുന്നയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.