രാജസ്ഥാനിലും ജാതി സെൻസസ് വാഗ്ദാനം; ബി.ജെ.പി പ്രതിരോധത്തിൽ
text_fieldsജയ്പുർ: ജാതി സെൻസസിന് എതിരായതിനാൽ വ്യക്തമായി നിലപാട് പ്രകടിപ്പിക്കാത്ത ബി.ജെ.പിയെ രാജസ്ഥാൻ തെരഞ്ഞെടുപ്പിലും പ്രതിരോധത്തിലാക്കി കോൺഗ്രസ്. തുടർഭരണം കിട്ടിയാൽ ജാതി സെൻസസ് നടത്തുമെന്നും ന്യൂനപക്ഷങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം കൊണ്ടുവരുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചു.
ഭരണം കിട്ടിയാൽ ദേശീയ-സംസ്ഥാന തലങ്ങളിൽ ജാതി സെൻസസ് നടത്തുമെന്ന് നേരത്തേ കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപിച്ചിരുന്നു.
ജാതി സെൻസസിനോട് മുഖംതിരിച്ചു നിൽക്കുന്ന ബി.ജെ.പിയെ കോൺഗ്രസിന്റെയും വിവിധ പ്രതിപക്ഷ പാർട്ടികളുടെയും നിലപാട് വെട്ടിലാക്കി. നിയമസഭ തെരഞ്ഞെടുപ്പ് കളത്തിൽ ബി.ജെ.പിയുടെ ഒളിച്ചുകളി പുറത്തു കൊണ്ടുവരാൻ മറ്റിടങ്ങളിൽ വാഗ്ദാനം ചെയ്തതിന്റെ തുടർച്ചയാണ് ഇപ്പോൾ രാജസ്ഥാൻ പ്രകടന പത്രിക.
സംസ്ഥാന സർക്കാറുകൾക്ക് ജാതി സെൻസസ് നടത്താൻ അധികാരമില്ലെന്നും കേന്ദ്രമാണ് ചെയ്യേണ്ടതെന്നുമാണ് രാജസ്ഥാനിലെ പ്രകടന പത്രികയോട് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് പ്രതികരിച്ചത്. വോട്ടു വിഭജനത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖമന്ത്രി അശോക് ഗെഹ് ലോട്ട്, മുൻഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്, പി.സി.സി അധ്യക്ഷൻ ഗോവിന്ദ്സിങ് ദൊത്താസര, പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ സി.പി. ജോഷി എന്നിവർ ചേർന്നാണ് പാർട്ടി ആസ്ഥാനത്ത് പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പ്രഖ്യാപിച്ച ഏഴ് ഗാരന്റികൾക്ക് പുറമെ, പ്രകടന പത്രിക മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങൾ:
- 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിൽ നാലു ലക്ഷം സർക്കാർ മേഖലയിലായിരിക്കും. കേന്ദ്ര-സംസ്ഥാന കേഡറുകൾക്ക് സമാനമായി പഞ്ചായത്തുതല റിക്രൂട്ട്മെന്റ് സമ്പ്രദായം കൊണ്ടുവരും. പഞ്ചായത്തുതല നിയമനത്തിന് പുതിയ നയം പ്രഖ്യാപിക്കും. ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിധി 25ൽ നിന്ന് 50 ലക്ഷം രൂപയാക്കും.
- ചെറുകിട വ്യാപാരികൾക്ക് അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ. കർഷകർക്ക് രണ്ടു ലക്ഷം രൂപ വരെ സഹകരണ ബാങ്കുകളിൽനിന്ന് പലിശയില്ലാ വായ്പ.
- സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം കാർഷിക വിളകൾക്ക് മിനിമം താങ്ങുവില. തൊഴിലുറപ്പ് പദ്ധതിക്കു കീഴിലെ വാർഷിക പ്രവൃത്തി ദിനങ്ങൾ 125ൽ നിന്ന് 150 ആയി ഉയർത്തും. പഞ്ചായത്തീരാജ് ജനപ്രതിനിധികൾക്ക് പ്രതിമാസ ഓണറേറിയം. സ്വകാര്യ സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം.
നേരത്തേ പ്രഖ്യാപിച്ച ഏഴു ഗാരന്റികൾ:
- കുടുംബനാഥക്ക് പ്രതിവർഷം 10,000 രൂപ. പാചക വാതക സിലിണ്ടർ 500 രൂപക്ക്. പഴയ പെൻഷൻ സ്കീം നിലനിർത്താൻ നിയമനിർമാണം. ചാണകത്തിന് കിലോഗ്രാമിന് രണ്ടു രൂപ. സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നവർക്ക് ലാപ്ടോപ്/ടാബ് ലെറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.