ജാതി വിവേചനം; ദലിത് യുവാവിന് ഭക്ഷണം നൽകാതെ ഹോട്ടലുടമ
text_fieldsബംഗളൂരു: ചിത്രദുർഗയിൽ ദലിത് യുവാവ് ഗ്രാമത്തിൽ പ്രവേശിച്ചതിന്റെ പേരിൽ ക്ഷേത്രങ്ങൾ ശുദ്ധികലശത്തിനായി അടച്ചിട്ട ജാതി വിവേചനത്തിന്റെ വാർത്തക്ക് പിന്നാലെ കർണാടകയിലെ ബെള്ളാരിയിൽനിന്ന് മറ്റൊരു സംഭവംകൂടി പുറത്തുവന്നു.
ബെള്ളാരി കുരുഗൊഡു താലൂക്കിലെ ഗുട്ടിഗനൂർ ഗ്രാമത്തിൽ ദലിത് യുവാവിന് ഭക്ഷണം നൽകാൻ ഹോട്ടലുടമ വിസമ്മതിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോട്ടൽ അടച്ചിടേണ്ടിവന്നാലും ദലിതർക്ക് ഭക്ഷണം നൽകില്ലെന്ന് ഹോട്ടലുടമായ സ്ത്രീ പറയുന്നത് വിഡിയോ ദൃശ്യത്തിലുണ്ട്.
സംഭവം വിവാദമായതോടെ തങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതായി കുരുഗൊഡു പൊലീസ് ഇൻസ്പെക്ടർ എം. സുപ്രീത് പറഞ്ഞു. വിഡിയോ പഴയതാണെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുടമ ഗുരുബസവയ്യ, ഭാര്യ നാഗവേണി എന്നിവർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തതായും പൊലീസ് പറഞ്ഞു.
ഇരയായ ദലിത് യുവാവ് മഹേഷിൽനിന്ന് പരാതി സ്വീകരിച്ച് മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസെടുത്തത്. ഇരുവരെയും കുരുഗൊഡു ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ചിക്കമംഗളൂരു താരീക്കരെ ഗൊല്ലറഹട്ടി ഗരുമാറാഡി ഗ്രാമത്തിൽ ദലിതർക്ക് അയിത്തം പ്രഖ്യാപിച്ചതിനെതുടർന്ന് മേൽജാതിക്കാരുടെ വിലക്ക് മറികടന്ന് അടച്ചിട്ട ക്ഷേത്രത്തിൽ കടന്ന് ദലിതർ പൂജ നടത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്ത സംഭവം കഴിഞ്ഞയാഴ്ചയാണ് അരങ്ങേറിയത്.
caste discrimination; Hotel owner not giving food to Dalit youthജനുവരി ഒന്നിന് ദലിത് യുവാവ് പ്രവേശിച്ചതിനെതുടർന്ന് ശുദ്ധികലശത്തിനായി കംബദ രംഗനാഥ സ്വാമി ക്ഷേത്രം, തിമ്മ ക്ഷേത്രം എന്നിവ അടച്ചിട്ടിരുന്നു. തുടർന്ന് അധികൃതരുടെ അകമ്പടിയോടെ ഗ്രാമത്തിൽ കടന്ന ദലിതർ കംബദ രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് പൂജ നടത്തുകയായിരുന്നു.
എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും വിഭാവനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു. ഗരുമാറാഡിയിൽ ഒരുവീട് പൊളിക്കുന്നതിനായി എക്സ്കവേറ്റർ ഓപറേറ്ററായ മാരുതി എന്ന ദലിത് യുവാവ് എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ദലിത് യുവാവിനെ മർദിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.