ജാതി രാഷ്ട്രീയം യു.പിയെ പിന്നിലാക്കി; കോൺഗ്രസിന്റേത് വികസന രാഷ്ട്രീയം
text_fieldsലഖ്നോ: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ജാതിക്കും മതത്തിനും മാത്രമുള്ള ശ്രദ്ധ രാഷ്ട്രീയക്കാരെ അലസരാക്കിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതുമൂലം പല യഥാർഥപ്രശ്നങ്ങളും അവർ അവഗണിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഏതാനും ദശകങ്ങളായി യു.പിയിൽ കോൺഗ്രസ് സംഘടന സംവിധാനം ദുർബലമായി എന്നത് വസ്തുതയാണ്. ഇപ്പോൾ അത് ശക്തമാക്കാൻ കഠിനാധ്വാനം നടത്തുന്നുണ്ട്. വീണ്ടും ജനങ്ങളിലേക്കെത്താനുള്ള പരിശ്രമമാണ്. ജാതി, മത രാഷ്ട്രീയം യു.പിക്ക് ഒരു പുരോഗതിയും നൽകിയിട്ടില്ല. അത് സംസ്ഥാനത്തെ പിറകോട്ടടിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ തനിക്ക് വോട്ട് കിട്ടിക്കോളുമെന്നാണ് ശരാശരി യു.പി രാഷ്ട്രീയക്കാരൻ കരുതുന്നത്. അപ്പോൾ മറ്റു കാര്യങ്ങൾക്കായി പണിയെടുക്കേണ്ടതില്ലല്ലോ. ഇത് ജനാധിപത്യത്തിൽ അനാരോഗ്യകരമായ പ്രവണതയാണ്. ജാതി, മത വൈകാരിക വിഷയങ്ങൾ രാഷ്ട്രീയത്തെ നയിച്ചപ്പോൾ വികസനം, ഭരണമികവ്, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങൾ പിന്നിലായിയെന്നും അവർ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്ത്രീകൾക്കും യുവാക്കൾക്കും കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച പാർട്ടി കോൺഗ്രസ് മാത്രമാണ്. യു.പിയുടെ സമഗ്ര വികസനത്തിനുള്ള കാര്യങ്ങൾ ഞങ്ങളുടെ പ്രകടന പത്രികയിലുണ്ട്. ഭരണ-വികസന കാര്യങ്ങളിൽ രാഷ്ട്രീയക്കാരാണ് ഉത്തരവാദികൾ എന്ന് കോൺഗ്രസ് കരുതുന്നു. പാർട്ടി സംഘടന സംവിധാനം ശക്തിപ്പെടുത്താനുള്ള കഠിന ശ്രമങ്ങളാണ് നടക്കുന്നത്. ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ 1,00,000 പ്രവർത്തകർക്ക് പരിശീലനം നൽകി. ഇവർ പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനത്തിന് എന്ത് പ്രശ്നമുണ്ടാകുമ്പോഴും അവിടെ ആദ്യമെത്തുന്നവർ കോൺഗ്രസുകാരായി. ഇനിയും സംഘടന തലത്തിൽ മുന്നേറാനുണ്ട്. വികസനമാണ് ഞങ്ങളുടെ ഏറ്റവും പ്രധാന രാഷ്ട്രീയ അജണ്ട. ജാതി, മത രാഷ്ട്രീയത്തോട് വിട പറയാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
ധ്രുവീകരണം രാഷ്ട്രീയ ആയുധമാണ്. എല്ലാ മേഖലയിലും ഉഴപ്പാനുള്ള സംവിധാനമാണത്. ഭീകരതയിലും മാഫിയ വിഷയങ്ങളിലും മാത്രമാണ് ബി.ജെ.പിയുടെ ശ്രദ്ധ. ലജ്ജാകരമാണിത്.യു.പി ഒരുപാട് സാധ്യതകളുള്ള സംസ്ഥാനമാണ്. അവിടുത്തെ ജനങ്ങൾ നിരന്തരം വഞ്ചിക്കപ്പെട്ടു. അവരുടെ ആശയാഭിലാഷങ്ങൾ പരിഗണിക്കുന്ന രാഷ്ട്രീയമാണ് ഉണ്ടാവേണ്ടത്. ഇത് യാഥാർഥ്യമാക്കാൻ ഞാൻ കഠിനപ്രയത്നം നടത്തും -പ്രിയങ്ക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.