ജാതി സർവേ രാജസ്ഥാനിലും; മുഖ്യ അജണ്ടയാക്കി ഇൻഡ്യ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് മുഖ്യവിഷയമാക്കാനുറച്ച് കോൺഗ്രസും ഇൻഡ്യ സഖ്യവും. ജെ.ഡി.യു-ആർ.ജെ.ഡി മുന്നണി ഭരിക്കുന്ന ബിഹാറിനു ശേഷം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറും ജാതി സർവേ പ്രഖ്യാപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയ സംസ്ഥാനത്ത് ശനിയാഴ്ച അർധരാത്രിയാണ് അശോക് ഗെഹ്ലോട്ട് സർക്കാർ ജാതി സർവേക്ക് ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുെകാണ്ട് ജാതി സർവേയില്ലെന്ന ചോദ്യവും കോൺഗ്രസ് ഉന്നയിച്ചു.
രാജസ്ഥാനിൽ മുഴുവൻ പൗരന്മാരുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും ശേഖരിക്കാനുള്ള സർവേക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതായി സാമൂഹികനീതി ശാക്തീകരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ജാതി അടിസ്ഥാനമാക്കി സർവേ നടത്തുമെന്നും ‘വലിയ പ്രാതിനിധ്യത്തിന് വലിയ പങ്കാളിത്തം’ എന്ന പാർട്ടി പ്രമേയം നടപ്പാക്കാനുള്ള യത്നത്തിലാണ് തങ്ങളെന്നും ‘എക്സി’ൽ ഉത്തരവ് പങ്കുവെച്ച് കോൺഗ്രസ് വ്യക്തമാക്കി.
ആർ.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ സ്വത്വത്തിലേക്ക് സ്വാംശീകരിച്ച പട്ടികജാതി-ഒ.ബി.സിക്കാരെ അവരുടെ ജാതിസ്വത്വം പുനഃസ്ഥാപിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്ന് അടർത്തിമാറ്റാൻ രാഹുൽ ഗാന്ധി നടത്തുന്ന നീക്കത്തിന് കോൺഗ്രസിൽ മേൽക്കൈ ലഭിച്ചെന്ന് തെളിയിക്കുന്നതാണ് രാജസ്ഥാനിലെ പുതിയ ജാതി സർവേ.
കോൺഗ്രസിന്റെ ഈ നിലപാട് മാറ്റത്തിലൂടെ ജാതി സെൻസസും വനിത സംവരണത്തിനുള്ളിൽ ഒ.ബി.സി സംവരണവും ‘ഇൻഡ്യ’ സഖ്യത്തിന്റെ അജണ്ടയായി മാറുകയും ചെയ്തു.
രാജസ്ഥാനിലെ ഉദയ്പൂർ ചിന്തൻശിബിരത്തിലാണ്, ജാതി സെൻസസിന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാൻ കോൺഗ്രസ് തീരുമാനിച്ചത്. അതേ രാജസ്ഥാനിൽ ജാതി സർവേക്ക് തുടക്കമിട്ടതിലൂടെ, പറയുന്നത് നടപ്പാക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് തെളിയിക്കാനും കോൺഗ്രസിനായി.
ഭാരത് ജോഡോ യാത്രയിൽ രാജസ്ഥാനിലെ നിരവധി ഒ.ബി.സി സമുദായങ്ങൾ രാഹുൽ ഗാന്ധിയോട് ജാതി സെൻസസ് ആവശ്യമുന്നയിച്ചിരുന്നെന്നും ഇത് അദ്ദേഹം ഗൗരവത്തിലെടുത്തതുകൊണ്ടാണ് സർവേ പ്രഖ്യാപിച്ചതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഞായറാഴ്ച വ്യക്തമാക്കി. ഒരു ബി.ജെ.പി സംസ്ഥാനവും ഇതിനു തയാറാകുന്നില്ല. രാജ്യവ്യാപക ജാതി സെൻസസിന്റെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നത് എന്തുകൊണ്ടാണെന്നും ജയ്റാം രമേശ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.