പൂജാരിമാരെ നിയമിക്കുന്നതിൽ ജാതിക്ക് പങ്കില്ലെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുന്നതിൽ ജാതിക്ക് പങ്കില്ലെന്ന് മദ്രാസ് ഹൈകോടതി. വേണ്ടത്ര അറിവും ശരിയായ പരിശീലനവും പൂജാ കർമ്മങ്ങൾ നടത്താനുള്ള യോഗ്യതയും മാത്രമാണ് പൂജാരിക്ക് ആവശ്യം. ജസ്റ്റിസ് എൻ. വെങ്കടേശ് ആണ് വിധി പ്രസ്താവിച്ചത്.
ശ്രീ സുഗവനേശ്വരർ സ്വാമി ക്ഷേത്രത്തിൽ പൂജാരി നിയമനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ ആൻഡ് സി.ഇ) നൽകിയ പരസ്യത്തെ ചോദ്യം ചെയ്ത് മുത്തു സുബ്രഹ്മണ്യ ഗുരുക്കൾ 2018ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് പൂജാരി നിയമനത്തിന് ജാതി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.
2016ൽ പുറത്തുവന്ന സുപ്രീംകോടതി വിധിയെയും ജസ്റ്റിസ് പരാമർശിച്ചു. പൂജാരി നിയമനം ജാതിഭേദമില്ലാതെ നടക്കേണ്ടതാണെന്ന് ആദിശൈവ ശിവാചാര്യർമാർ സേവാസംഘം തമിഴ്‌നാട് സർക്കാരിനെതിരെ നൽകിയ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
2022ലെ എൻ. ആദിത്യനും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ നടന്ന കേസിൽ ബ്രാഹ്മണന് മാത്രമേ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്യാൻ കഴിയൂ എന്ന് ശഠിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഒരു ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താൻ ജാതി അടിസ്ഥാനമാക്കിയുള്ള വംശപരമ്പര വേണമെന്ന ശാഠ്യത്തെ സുപ്രീം കോടതി നിരസിച്ചിട്ടുണ്ടെന്നും കോടതിചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.