ജാതി ജയിക്കുന്ന തമിഴക രാഷ്ട്രീയം
text_fieldsചെന്നൈ: അതികായരായിരുന്ന കലൈഞ്ജർ കരുണാനിധിയുടെയും പുരച്ചി തലൈവി ജയലളിതയുടെയും വിയോഗ ശേഷം തമിഴകത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. മുന്നണിബലം പരിശോധിച്ചാൽ ഡി.എം.കെ സഖ്യം മുന്നിലാണ്. ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ഒഴുക്കുന്ന കോടികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകുമോയെന്നാണ് കണ്ടറിയേണ്ടത്. ദ്രാവിഡ പാരമ്പര്യം ഉയർത്തിപ്പിടിക്കുേമ്പാഴും ജാതി അതിർവരമ്പുകൾ തമിഴക രാഷ്ട്രീയത്തിൽ നിർണായകമാണ്. കൗണ്ടർ, നാടാർ, വണ്ണിയർ, തേവർ, മുക്കത്തോർ തുടങ്ങിയ പ്രബല സമുദായങ്ങൾ തെരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്താറുണ്ട്.
ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ മുന്നണിയിൽ ബി.ജെ.പി, ഡോ. രാമദാസിെൻറ പാട്ടാളി മക്കൾ കക്ഷി, വിജയ്കാന്തിെൻറ ഡി.എം.ഡി.കെ, ജി.കെ. വാസെൻറ തമിഴ് മാനില കോൺഗ്രസ് തുടങ്ങിയവരും ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസ്, സി.പി.എം, സി.പി.െഎ, എം.ഡി.എം.കെ, മുസ്ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി, വിടുതലൈ ശിറുതൈകൾ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി എന്നിവയുമാണ് മുഖ്യമായും അണിനിരക്കുന്നത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ വിജയ്കാന്തിെൻറ നേതൃത്വത്തിൽ ഡി.എം.ഡി.കെ, സി.പി.എം, സി.പി.െഎ, എം.ഡി.എം.കെ, തമിഴ് മാനില കോൺഗ്രസ്, വിടുതലൈ ശിറുതൈകൾ തുടങ്ങിയ കക്ഷികൾ ഒന്നിച്ച് 'മക്കൾ നല കൂട്ടണി' (ജനക്ഷേമ മുന്നണി)യെന്ന പേരിൽ രംഗത്തിറങ്ങിയിരുന്നു. ഇതിലെ മിക്ക കക്ഷികളും പിന്നീട് ഡി.എം.കെ സഖ്യത്തിൽ ചേക്കേറി.
അണ്ണാ ഡി.എം.കെ സഖ്യത്തിൽ വണ്ണിയർ ജാതിയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന പാട്ടാളി മക്കൾ കക്ഷിക്ക് (പി.എം.കെ) മാത്രമാണ് അൽപമെങ്കിലും സ്വാധീനമുള്ളത്. അതും വടക്കൻ തമിഴക ജില്ലകളിൽ മാത്രം. കന്യാകുമാരി, കോയമ്പത്തൂർ, തിരുപ്പൂർ, ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ ചില ജില്ലകളിലാണ് ബി.ജെ.പിയുടെ കേന്ദ്രങ്ങളുള്ളത്.
ഡി.എം.കെ സഖ്യത്തിലെ കോൺഗ്രസ്, മുസ്ലിം ലീഗ്, വൈക്കോയുടെ മറുമലർച്ചി ദ്രാവിഡ കഴകം (എം.ഡി.എം.കെ), തൊൽ തിരുമാവളവെൻറ വിടുതലൈ ശിറുതൈകൾ (വി.സി.കെ), ഇടതു കക്ഷികൾ, കൊങ്കുനാട് ദേശീയ മക്കൾ കക്ഷി, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകത്തിെൻറ രാഷ്ട്രീയ രൂപമായ മനിതനേയ മക്കൾ കക്ഷി തുടങ്ങിയ സഖ്യകക്ഷികൾ ഏറെ വർഷങ്ങളായി ഒരേ കുടക്കീഴിലാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം(എൻ.ഡി.എ) സ്ഥാനാർഥികൾ ലക്ഷക്കണക്കിന് വോട്ടുകളുടെ വ്യത്യാസത്തിനാണ് ഒട്ടുമിക്ക മണ്ഡലങ്ങളിലും പരാജയപ്പെട്ടത്. പിന്നാക്ക വിഭാഗങ്ങളെ അടുപ്പിക്കുന്നതിനായി ദലിതനായ അഡ്വ. എൽ. മുരുകനെ ബി.ജെ.പി തമിഴ്നാട് അധ്യക്ഷപദവിയിൽ അവരോധിച്ചത് പാർട്ടിയിലെ സവർണ വിഭാഗങ്ങളിൽ കടുത്ത അതൃപ്തി പടർത്തിയിട്ടുണ്ട്. രജനികാന്തിനെ ഇറക്കിക്കളിക്കാനുള്ള പദ്ധതി പൊളിഞ്ഞതോടെ അണ്ണാ ഡി.എം.കെയോടൊപ്പം കൂടുതൽ അടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.