സ്റ്റാന്‍ സ്വാമിയെ കള്ളക്കേസിൽ കുടുക്കിയത് മാപ്പർഹിക്കാത്ത ക്രൂരത -കാത്തലിക് കൗണ്‍സില്‍
text_fieldsന്യൂഡല്‍ഹി: ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേക്ക് തള്ളിവിട്ടത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്നും ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കുറ്റപ്പെടുത്തി.
അറസ്റ്റിനുപിന്നിലെ ഭരണകൂട ഭീകര അജണ്ടകൾ വെളിപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തോട് മറുപടി പറയണമെന്നും കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ കലാപത്തിനുള്ള പ്രേരണ, മാവോവാദി ബന്ധം തുടങ്ങി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജയിലിലടച്ചത്. ഇതിനുണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന, അമേരിക്കന്‍ സ്ഥാപനമായ 'ആഴ്സണലി'ന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്.
ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയെ, 2018ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ ആസൂത്രകനെന്ന് മുദ്രകുത്തി ജയിലിലടക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തിന് ചികിത്സ നിഷേധിച്ച് 2021 ജൂലൈ അഞ്ചിന് മരണത്തിലേക്ക് തള്ളിവിട്ടു.
അവസാനമിപ്പോള്‍ അറസ്റ്റിനുപിന്നിലെ ആസൂത്രിതമായ വന്‍ ഗൂഢാലോചന പുറത്തുവന്നിരിക്കുകയാണ്. ഭരണകൂട ഭീകര അജണ്ടകളാണ് ഇതിലൂടെ വെളിപ്പെടുന്നത്. അതിനാൽ കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിന് മറുപടി നല്‍കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.