ക്രിസ്ത്യൻ സ്കൂളുകളിൽ സരസ്വതി പൂജ നടത്തണമെന്ന് ഭീഷണി; സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ്
text_fieldsഗുവാഹതി/ഉദയ്പൂർ: ബി.ജെ.പി ഭരിക്കുന്ന അസം, രാജസ്ഥാൻ അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ സ്കൂളുകളിൽ ഇന്ന് സരസ്വതി പൂജ നടത്തണമെന്ന ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനകൾ. ഉദയ്പൂരിലെ ധജനഗറിലുള്ള ഡോൺ ബോസ്‌കോ സ്‌കൂളിൽ പൂജ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരൺ മഞ്ചാണ് രംഗത്തുവന്നത്. സ്കൂളിലെ വിദ്യാർഥികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്നും പൂജക്ക് അനുമതി നിഷേധിച്ചാൽ സർക്കാറിന്റെ പിന്തുണ തേടുമെന്നും ജാഗരൺ മഞ്ച് പറഞ്ഞു.
ഇതിനെതിരെ ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പൽ സലേഷ്യൻ സിസ്റ്റർ ടെസ്സി ജോസഫ് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകി. നിയമവിരുദ്ധമായ പ്രവൃത്തി തടയണമെന്നും സ്ഥാപനത്തിനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. അസമിൽ മൂന്ന് സ്‌കൂളുകൾക്ക് കൂടി സമാനമായ ഭീഷണി ലഭിച്ചിട്ടുണ്ട്. ഇതേതുടന്ന് പ്രദേശത്തെ മിഷനറി സ്‌കൂളുകളുടെ പ്രതിനിധികൾ ഞായറാഴ്ച ഗുവാഹത്തിയിൽ അടിയന്തര യോഗം ചേർന്നു.
ഫെബ്രുവരി 8, 9 തീയതികളിൽ ഈ സംഘം മൂന്ന് തവണ സ്‌കൂളിലെത്തിയതായി പ്രിൻസിപ്പൽ പറഞ്ഞു. ‘ഹിന്ദു ജാഗരൺ മഞ്ചിന്റെ അംഗങ്ങളെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം എന്റെ ഓഫിസ് സന്ദർശിക്കുകയും ഞാൻ സ്ഥലത്തില്ലാത്തതിനാൽ സ്കൂൾ വൈസ് പ്രിൻസിപ്പലിനെ കാണുകയും ചെയ്തു. സ്കൂളിൽ സരസ്വതി പൂജ നടത്തണമെന്നാണ് അവരുടെ ആവശ്യം. ഞങ്ങളുടെ സ്ഥാപനം പൂർണമായും ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനമാണെങ്കിലും സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാർഥികളെയും ഇവിടെ പഠിപ്പിക്കുന്നുണ്ട്. മികച്ച പൗരന്മാരെ വാർത്തെടുക്കുന്നുതിനാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്’ -സിസ്റ്റർ ടെസ്സി ജോസഫ് മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ പറഞ്ഞു.
‘ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശപ്രകാരം പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനമാണിതെന്നും സ്‌കൂൾ പരിസരത്ത് പൂജ അനുവദിക്കാനാവില്ലെന്നും വൈസ് പ്രിൻസിപ്പൽ അവരെ വിനയപൂർവ്വം അറിയിച്ചു. എന്നാൽ, എന്തുവന്നാലും സ്‌കൂൾ പരിസരത്ത് സരസ്വതി പൂജ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്’ -പ്രിൻസിപ്പൽ പറഞ്ഞു. വെള്ളിയാഴ്ചയും ഇതേ ആവശ്യവുമായി മറ്റൊരു കൂട്ടം സ്‌കൂളിലെത്തിയെങ്കിലും തങ്ങൾ മുൻ നിലപാട് ആവർത്തിച്ചു. തുടർന്ന് സംഘത്തലവൻ സ്വാമിമാരെ കൊണ്ടുവരുമെന്നും പൂജ നടത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ മറ്റൊരു സംഘം കൂടി സ്‌കൂളിലെത്തി പൂജ അനുവദിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
“സരസ്വതി പൂജയോടും മറ്റ് മതപരമായ ആചാരങ്ങളോടും ഞങ്ങൾക്ക് പൂർണ ബഹുമാനമുണ്ട്. എന്നാൽ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 30 അനുസരിച്ച് ഞങ്ങളുടെ മതപരമായ അവകാശം ഉറപ്പുവരുത്തണം. പ്രസ്തുത സംഘം നിയമവിരുദ്ധമായി അവർ ആഗ്രഹിക്കുന്നത് ചെയ്യാൻ ശ്രമിച്ചേക്കാമെന്നും സ്വത്തുക്കൾക്കും വ്യക്തികൾക്കും ദോഷം ചെയ്തേക്കാമെന്നും ഞങ്ങൾ ഭയപ്പെടുന്നു’ -കത്തിൽ പറഞ്ഞു.
അസമിലെ ക്രൈസ്തവ സ്കൂളുകളിലെ യേശു ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് യുവമോർച്ച മുൻ സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള തീവ്രഹിന്ദുത്വ സംഘടന കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. കുടുംബ സുരക്ഷാ പരിഷത് പ്രസിഡന്റ് സത്യരഞ്ജൻ ബറുവയാണ് ഭീഷണിപ്പെടുത്തിയത്.
സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും സഭാ വസ്ത്രങ്ങൾ ധരിക്കരുതെന്നും സ്കൂളിൽ ക്രൈസ്തവ പ്രാർഥന പാടില്ലെന്നും ഇവർ മുന്നറിയിപ്പ് നൽകി. 15 ദിവസത്തിനകം ആവശ്യങ്ങൾ നടപ്പാക്കണമെന്നാണ് ഭീഷണി. അല്ലെങ്കിൽ തങ്ങൾ വേണ്ടതു ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.