നോയ്ഡയിൽ ബി.ജെ.പി ഉദ്യോഗസ്ഥൻ അയൽക്കാരിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്
text_fieldsന്യൂഡൽഹി: നോയ്ഡയിൽ മരം മുറിക്കുന്നതിന്റെ പേരിൽ ബി.ജെ.പി പ്രവർത്തകനായ ഉദ്യോഗസ്ഥൻ അയൽക്കാരിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്. നോയ്ഡയിലെ സെക്ടർ 93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി പാം മരം നട്ടിരുന്നു. 2019 മുതൽ ഈ മരത്തിന്റെ പേരിൽ ത്യാഗിയുമായി തർക്കത്തിലാണ് അയൽക്കാർ. പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നാണ് ആരോപണം. മരം സുരക്ഷ ഭീഷണിയാണെന്നും അയൽവാസികൾ പറയുന്നുണ്ട്.
ത്യാഗി സ്ത്രീയുടെ കൈയിൽ പിടിച്ച് തള്ളുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സമൂഹത്തിൽ ചില മര്യാദകളുണ്ടെന്നും അത് പാലിക്കണമെന്നുമാണ് സ്ത്രീ ത്യാഗിയോട് ആവശ്യപ്പെടുന്നത്. തർക്കം പരിഹരിക്കാൻ സെക്യൂരിറ്റി ഗാർഡ് ഇടപെടുന്നതും കാണാം. ത്യാഗി തന്നെയും ഭർത്താവിനെയും കുട്ടികളെയും വളരെ മോശം വാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചതെന്ന് യുവതി പറഞ്ഞു.
തന്നെ പിടിച്ചു തള്ളിയശേഷം അയാളുടെ മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും സ്ത്രീ പറയുന്നുണ്ട്. ത്യാഗി മാപ്പു പറയണമെന്നാണ് സ്ത്രീയുടെ ആവശ്യം. വിഡിയോക്കു പിന്നാലെ ബി.ജെ.പി ഉന്നത നേതാക്കളായ ജെ.പി. നദ്ദക്കും സ്വതന്ത്ര ദേവ് സിങ്ങിനുമൊപ്പം ത്യാഗി നിൽക്കുന്ന ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല. ത്യാഗിയുടെ ട്വിറ്റർ പ്രൊഫൈലിൽ പറയുന്നതനുസരിച്ച് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവും യുവ കിസാൻ സമിതി ദേശീയ കോ-ഓർഡിനേറ്ററുമാണ് ത്യാഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.