തെരഞ്ഞെടുപ്പ് പടിവാതിലിൽ; കാവേരി വീണ്ടും പുകയുന്നു
text_fieldsബംഗളൂരു: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും കർണാടക ഭരിക്കുന്ന കോൺഗ്രസിനെയും ഒരുപോലെ സമ്മർദത്തിലാക്കുന്നതായി കാവേരി ജലം വിട്ടുനൽകുന്നതു സംബന്ധിച്ച് വ്യാഴാഴ്ച സുപ്രീം കോടതി നൽകിയ ഉത്തരവ്. നിലവിലെ ജലത്തിൽനിന്ന് നാലു ടി.എം.സി ജലം അടിയന്തരമായി തമിഴ്നാടിന് കർണാടക നൽകണമെന്നാണ് ഉത്തരവ്. ഇത് പാലിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകിയ സ്ഥിതിക്ക് ഇനി കർണാടകയുടെ നിലപാടാണ് നിർണായകം. വിട്ടുകൊടുക്കാൻ വെള്ളമെവിടെ എന്നായിരുന്നു കോടതിവിധി സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദ്യ പ്രതികരണം. ഉത്തരവിെൻറ വിശദാംശങ്ങൾ പരിശോധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി നൽകി.
കർണാടക കുടിവെള്ളക്ഷാമം അനുഭവിക്കുേമ്പാൾ തമിഴ്നാടിന് ജലം നൽകാനാവില്ലെന്നായിരുന്നു ജലവിഭവ മന്ത്രി എം.ബി. പാട്ടീൽ പ്രതികരിച്ചത്. അതേസമയം, തമിഴ്നാടിന് ജലം നൽകിയാൽ സമരമാരംഭിക്കുമെന്ന മുന്നറിയിപ്പുമായി കാവേരി ഹിതരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെട്ട് ഇരു സംസ്ഥാനങ്ങളുടെയും ജല ആവശ്യകത സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ രണ്ടു വർഷമായി കാവേരി തടം കടുത്ത വരൾച്ച നേരിടുന്നത് പരിഗണിക്കാതെയുള്ള ഉത്തരവ് പുനഃപരിശാധിക്കണമെന്നും അല്ലാത്തപക്ഷം കർഷകപ്രതിഷേധം ഉയരുമെന്നും കരിമ്പ് കർഷക സംഘടന യൂനിയനും അറിയിച്ചിട്ടുണ്ട്.
കർണാടകക്ക് ലഭിച്ചിരുന്ന 270 ടി.എം.സി അടി ജലത്തിന് പുറമെ ബംഗളൂരു നഗരത്തിെൻറ വർധിച്ച ആവശ്യം കണക്കിലെടുത്ത് 14.75 ടി.എം.സി അടി ജലം കൂടി നൽകാൻ കഴിഞ്ഞ ഫെബ്രുവരി 16ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാടിെൻറ ജലവിഹിതം കുറക്കുകയും ചെയ്തു. ഇതേതുടർന്ന് തമിഴ്നാട്ടിൽ സമരങ്ങൾ അരങ്ങേറിവരുകയാണ്. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് വിശദാംശം സമർപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോവാനായിരുന്നു കേന്ദ്ര തീരുമാനം. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കുന്നതിന് കർണാടക എതിരാണ്. ബോർഡ് രൂപവത്കരണ തീരുമാനം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നതിനാൽ സുപ്രീംകോടതിയിൽ കേന്ദ്രം പലതവണ അവധി മാറ്റിവാങ്ങുകയായിരുന്നു. മേയ് 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള വഴിതേടുകയാണ് കർണാടക സർക്കാർ.
കാവേരി തടത്തിലെ കർഷകർ വരും ദിവസങ്ങളിൽ സമരവുമായി രംഗത്തിറങ്ങിയാൽ ജെ.ഡി-എസിെൻറ ശക്തികേന്ദ്രം കൂടിയായ മൈസൂരു മേഖലയിലെ പ്രചാരണരംഗത്ത് കോൺഗ്രസും ബി.ജെ.പിയും വിയർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.