കർണാടക തെരഞ്ഞെടുപ്പ് വരെ കാവേരി വിധി നടപ്പാക്കാതിരിക്കാൻ കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പ് കഴിയും വരെ കാവേരി കേസിലെ വിധി നടപ്പാക്കാൻ കാലതാമസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, കേന്ദ്രം ചെയ്യുന്നത് ബോധപൂർവമായ അനുസരണക്കേടാണെന്ന് കാണിച്ച് തമിഴ്നാട് സർക്കാർ കോടതിയലക്ഷ്യനടപടിയുമായി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
കാവേരി കർണാടകയിൽ അതിവൈകാരിക വിഷയമാണെന്നും ക്രമസമാധാനപ്രശ്നമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. വിധിയിൽ വ്യക്തത വരുത്താനെന്ന പേരിലാണ് കേന്ദ്ര സർക്കാറിെൻറ പുതിയ അപേക്ഷ.
നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കാവേരി അഡ്മിനിസ്ട്രേറ്റിവ് സംവിധാനമുണ്ടാക്കിയാൽ വൻ ജനരോഷത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടാനും കാരണമാകുമെന്ന് കേന്ദ്രം തുടർന്നു. ആറാഴ്ചക്കകം വിധി നടപ്പാക്കാനായിരുന്നു സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത്. കാവേരി ട്രൈബ്യൂണൽ നിർദേശിച്ചതിന് വിരുദ്ധമായ തരത്തിൽ വെള്ളം നാല് സംസ്ഥാനങ്ങൾക്കുമിടയിൽ വിതരണം ചെയ്യാൻ കേന്ദ്രത്തിന് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കാവേരി ജല പരിപാലന ബോർഡ് രൂപവത്കരിക്കാനുള്ള സുപ്രീംകോടതി നിർദേശം പാലിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.