തമിഴ്നാടിന് ജലം വിട്ടുനൽകൽ; കർണാടക വീണ്ടും നിയമനടപടിക്ക്
text_fieldsബംഗളൂരു: 15 ദിവസത്തേക്ക് എല്ലാദിവസവും 5000 ക്യൂസെക്സ് ജലം കാവേരി നദിയിൽനിന്ന് തമിഴ്നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യൂ.ആർ.സി)യുടെ നിർദേശം നടപ്പാക്കുന്നതിന് പകരം കർണാടക നിയമനടപടിയിലേക്ക് നീങ്ങുന്നു. നിലവിലെ സാഹചര്യത്തിൽ ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി സി.ഡബ്ല്യൂ.ആർ.സിക്ക് വീണ്ടും ഹരജി നൽകാനാണ് ബുധനാഴ്ച ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലെ തീരുമാനം.
ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി ചർച്ച ചെയ്തശേഷം നിലവിലെ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും സിദ്ധരാമയ്യ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തമിഴ്നാടിന് ദിനേന 5000 ക്യൂസെക്സ് ജലം വിട്ടുനൽകണമെന്ന് ചൊവ്വാഴ്ചയാണ് സി.ഡബ്ല്യൂ.ആർ.സി നിർദേശം നൽകിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വൈകാതെ ഡൽഹിയിലെത്തി നിയമവിദഗ്ധരുമായി ചർച്ച നടത്തും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ, എല്ലാ പാർട്ടികളിലെയും മുൻ മുഖ്യമന്ത്രിമാർ, കാവേരി നദീ മേഖലയിൽനിന്നുള്ള മന്ത്രിമാർ, മുതിർന്ന മന്ത്രിമാർ, സംസ്ഥാനത്തുനിന്നുള്ള ലോക്സഭ അംഗങ്ങൾ, രാജ്യ സഭാംഗങ്ങൾ തുടങ്ങിയവരെയാണ് പ്രത്യേക അടിയന്തര യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
എന്നാൽ, യോഗത്തിൽ ജെ.ഡി-എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, ബി.ജെ.പി നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ എന്നിവർ പങ്കെടുത്തില്ല. അതേസമയം, ബി.ജെ.പി എം.പിമാരായ പ്രതാപ് സിംഹ, പി.സി. മോഹൻ, ശിവകുമാർ ഉദാസി, സ്വതന്ത്ര എം.പി സുമലത അംബരീഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.