ക്രിസ്ത്യാനികളടക്കം എല്ലാവർക്കും നല്ലതിന് ആവശ്യമായത് ചെയ്യും -അമിത് ഷാ
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ ക്രിസ്ത്യാനികൾക്കുള്ള ആശങ്ക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചുവെന്ന് സി.ബി.സി.ഐ (കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ) ന്യൂഡൽഹിയിൽ വാർത്താ കുറിപ്പിൽ അറിയിച്ചു. മണിപ്പൂരിന് പുറമെ മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ നടന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവ പരിശോധിക്കുമെന്നും ക്രിസ്ത്യാനികൾക്കും മറ്റെല്ലാ പൗരന്മാർക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി സി.ബി.സി.ഐ അറിയിച്ചു.
കൊച്ചി നെടുമ്പാശ്ശേരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സി.ബി.സി.ഐ പ്രസിഡന്റും തുശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ചില ഭാഗങ്ങളിൾ ക്രിസ്ത്യാനികൾ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സാഹചര്യവും ധരിപ്പിച്ചുവെന്നും കൂടിക്കാഴ്ച ഏറെ സൗഹാർദപരമായിരുന്നുവെന്നും അമിത് ഷാ വളരെ ക്ഷമാപൂർവം കേട്ടുവെന്നും വാർത്താ കുറിപ്പ് തുടർന്നു.
മണിപ്പൂരിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാധാനത്തിനായുള്ള തന്റെ ദൗത്യം അമിത് ഷാ വിശദീകരിച്ചു. ചില ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഈയിടെ നേരിടുന്ന ചില പ്രശ്നങ്ങൾ ധരിപ്പിച്ചപ്പോൾ അവ പരിഹരിക്കാൻ സാധ്യമായതെല്ലാം നാം ചെയ്യുമെന്ന് അമിത് ഷാ പ്രതികരിച്ചു. ഇത് കൂടാതെ രാഷ്ട്ര നിർമാണത്തിൽ വിശിഷ്യാ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന മേഖലകളിൽ കൃസ്ത്യാനികളുടെ പങ്കിനെ കുറിച്ചും ചർച്ച നടന്നുവെന്ന് സി.ബി.സി.ഐ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.