സൈനിക ആസ്ഥാനത്ത് സ്ഥലംമാറ്റ റാക്കറ്റ്: ലഫ്. കേണൽ അടക്കം രണ്ടുപേർ പിടിയിൽ
text_fieldsന്യൂഡൽഹി: സൈനിക ആസ്ഥാനത്ത് കൈക്കൂലി വാങ്ങി സ്ഥലംമാറ്റം തരപ്പെടുത്തിക്കൊടുക്കുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സി.ബി.െഎ കണ്ടെത്തി. രണ്ടുപേർ പിടിയിലായി. ലഫ്. കേണൽ രംഗനാഥൻ സുവ്രമണി മോനി, ഇടനിലക്കാരൻ ഗൗരവ് കോഹ്ലി എന്നിവരെയാണ് സി.ബി.െഎ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സൈനിക ഉദ്യോഗസ്ഥൻ എസ്. സുഭാഷിൽനിന്ന് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് അറസ്റ്റ്. സുഭാഷ്, ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥൻ പുരുഷോത്തം എന്നിവരും പ്രതികളാണ്.
ബ്രിഗേഡിയർ എസ്.കെ. ഗ്രോവറിെൻറ പേരും എഫ്.െഎ.ആറിലുണ്ട്. സുഭാഷിനെയും സ്ഥലംമാറ്റം ആവശ്യമുള്ള മറ്റൊരു ഉദ്യോഗസ്ഥൻ ഡി.എസ്.ആർ.കെ റെഡ്ഢിയെയും സമീപിച്ച പുരുഷോത്തം വൻതുക നൽകിയാൽ സ്ഥലംമാറ്റം വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവത്രേ. ഇരുവർക്കും ബംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കോ വിശാഖപട്ടണത്തേക്കോ ആയിരുന്നു സ്ഥലംമാറ്റം വേണ്ടിയിരുന്നത്.സൈനിക ആസ്ഥാനത്ത് പിടിപാടുള്ള കോഹ്ലി വഴി സ്ഥലംമാറ്റം വാങ്ങിനൽകാമെന്നായിരുന്നു വാഗ്ദാനം.
ഇതിന് അഞ്ചുലക്ഷം രൂപ സുഭാഷിൽനിന്ന് കോഹ്ലി കൈപ്പറ്റി. തുടർന്ന് സുവ്രമണി മോനിയുടെ വീട്ടിൽ മറ്റുചില മുതിർന്ന ഉദ്യോഗസ്ഥരെ കൂടി വിളിച്ച് യോഗം ചേരുകയും സ്ഥലംമാറ്റം സാധ്യമാക്കുന്നതിനായി ബ്രിഗേഡിയർ എസ്.കെ. ഗ്രോവറിനെ ബന്ധപ്പെടുകയും ചെയ്തു. മോനിക്ക് രണ്ടുലക്ഷം രൂപയാണ് കോഹ്ലി നൽകിയത്. സംഭവത്തിൽ കൂടുതൽ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. വൻതുക കൈക്കൂലി വാങ്ങി ഇഷ്ടയിടങ്ങളിലേക്ക് സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്ന റാക്കറ്റ് ചില ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൈനിക ആസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് സി.ബി.െഎ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.