അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ
text_fieldsന്യൂഡൽഹി: വ്യവസായിയിൽനിന്ന് അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡൽഹി എക്സൈസ് പോളിസി കേസിൽ പ്രതിയായ അമൻദീപ് സിങ് ധൾ എന്നയാളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറായ പവൻ ഖത്രിയാണ് അറസ്റ്റിലായത്. ഇ.ഡിയിലെ അപ്പർ ഡിവിഷൻ ക്ലർക്ക് നിതേഷ് കോഹർ എന്നയാൾക്കെതിരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയിൽ സി.ബി.ഐ കേസെടുത്തിരുന്നു. ഇവർക്ക് പുറമെ എയർ ഇന്ത്യ ജീവനക്കാരനായ ദീപക് സങ്‍വാൻ, ബിസിനസുകാരൻ അമൻദീപ് സിങ് ധൾ, ചാർട്ടേഡ് അക്കൗണ്ടന്റായ പ്രവീൺ കുമാർ വത്സ്, ക്ലാറിഡ്ജ്സ് ഹോട്ടൽ സി.ഇ.ഒ വിക്രമാദിത്യ, ഗുരുഗ്രാം സ്വദേശി ബിരേന്ദർപാൽ സിങ് തുടങ്ങിയവരും കേസിൽ പ്രതികളാണ്.
അന്വേഷണം നടക്കുന്ന ഡൽഹി എക്സൈസ് പോളിസി കേസിൽ സഹായം ലഭിക്കാൻ അമൻദീപ് സിങ് ധൾ, ബിരേന്ദർപാൽ സിങ് എന്നിവർ ചേർന്ന് 2022 ഡിസംബറിനും 2023 ജനുവരിക്കും ഇടയിൽ പ്രവീൺ കുമാർ വത്സിന് അഞ്ച് കോടി രൂപ കൈമാറിയെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. പണം നൽകിയാൽ അമൻദീപ് സിങ് ധളിനെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് സംരക്ഷിക്കാമെന്ന് ദീപക് സങ്‍വാൻ ഉറപ്പുനൽകിയതായി പ്രവീൺ വത്സ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ദീപക് സങ്‍വാൻ പ്രവീൺ വത്സിനെ ഇ.ഡി ഉദ്യോഗസ്ഥനായ പവൻ ഖത്രിയുമായി ബന്ധപ്പെടുത്തുകയായിരുന്നെന്നും ഇതിൽ പറയുന്നു.
എന്നാൽ, പണം നൽകിയെങ്കിലും അമൻദീപ് ധളിനെ 2023 മാർച്ച് ഒന്നിന് ഇ.ഡി അറസ്റ്റ് ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞത്. തുടർന്ന് ഇവരുടെയും പ്രവീൺ വത്സിന്റെയും വീടുകളിൽ നടത്തിയ റെയ്ഡിൽ കോടികൾ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.