ചാരപ്രവർത്തനം: മാധ്യമപ്രവർത്തകനും മുൻ നേവി കമാൻഡറും അറസ്റ്റിൽ
text_fieldsന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയതിന് സ്വതന്ത്ര മാധ്യമപ്രവര്ത്തകന് വിവേക് രഘുവംശിയെയും നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പാഥക്കിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആര്.ഡി.ഒ), സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് കൈമാറിയെന്ന കേസിൽ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് അറസ്റ്റ്.
ഡൽഹിയിലെയും ജയ്പുരിലെയും 15 ഇടങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ രേഖകൾ ചോർത്തിയെന്നാണ് കേസ്. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ എന്നിവ കണ്ടെത്തി. പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ആറ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പൊലീസിൽ നിന്നാണ് സി.ബി.ഐ ചാരക്കേസ് ഏറ്റെടുത്തത്. ചില മാധ്യമപ്രവർത്തകർ രഹസ്യവിവരങ്ങൾ വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് കൈമാറുന്നതായി വിവരം ലഭിച്ചതിനാൽ ഡൽഹി പൊലീസ് രഘുവംശിക്ക് പിന്നാലെയുണ്ടായിരുന്നു. ഡിസംബർ ഒമ്പതിനാണ് സി.ബി.ഐ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത്. അമേരിക്കയിലെ ഒരു വെബ്സൈറ്റിന്റെ പ്രതിരോധകാര്യ ലേഖകനാണ് രഘുവംശി.
ചാരപ്രവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറിനെ തീവ്രവാദ വിരുദ്ധസേന ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.