കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സജീവമായി രംഗത്തുണ്ടായിരുന്ന സ്ഥലം എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിലായി. അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുപിന്നാലെ സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്. കാർവാർ ബെലകെരി തുറമുഖംവഴി 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സതീഷ് കൃഷ്ണ സെയിൽ അടക്കം ഏഴുപേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യംചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു.
കേസിൽ വെള്ളിയാഴ്ച വിധി പറയാനിരിക്കെ, ഉച്ചക്ക് 12.30നു മുമ്പ് സതീഷ് സെയിലിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സി.ബി.ഐയോട് സ്പെഷൽ കോടതി ജഡ്ജ് ജസ്റ്റിസ് സന്തോഷ് ഗജാനനൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച വൈകീട്ട് സി.ബി.ഐ സംഘം എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എം.എൽ.എ അടക്കമുള്ള പ്രതികളെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. പ്രതികളെ ഇന്ന് ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കും.
2010ലാണ് കേസിന്നാസ്പദമായ ഇടപാട് നടന്നത്. ബെള്ളാരിയിൽനിന്നുള്ള ഇരുമ്പയിര് കാർവാറിലെ തുറമുഖം വഴി അനധികൃതമായി കയറ്റുമതി ചെയ്തതായി ലോകായുക്ത ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ കണ്ടെത്തിയിരുന്നു. 2006-07, 2010-11 കാലയളവുകളിലായി 7.74 ദശലക്ഷം ടൺ ഇരുമ്പയിര് കടത്തിയെന്നും ഇത് സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ലോകായുക്ത കണ്ടെത്തൽ. സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് കോർപറേഷനും റിട്ട. പോർട്ട് ഡെപ്യൂട്ടി കൺസർവേറ്റർ മഹേഷ് ബിലിയെ അടക്കമുള്ളവർക്കും ഇടപാടിൽ പങ്കുള്ളതായി സി.ബി.ഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി തടയൽ നിയമപ്രകാരം വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.