ബിർഭും ആക്രമണം: പെട്രോൾ കടത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറെ സി.ബി.ഐ അറസ്റ്റ് ചെയ്തു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിനായി പെട്രോൾ കടത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബോഗ്തുഴി ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് റിതൻ ഷെയ്ഖെന്ന ഓട്ടോ ഡ്രൈവറെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇത് കൂടാതെ അറസ്റ്റിലായ മറ്റ് പ്രതികളും സാക്ഷികളും നൽകിയ മൊഴികളിലും ഇയാളുടെ പേര് ഉയർന്നുവന്നതായി സി.ബി.ഐ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
കൂട്ടക്കൊലയ്ക്ക് ശേഷം റിതൻ ഒളിവിലായിരുന്നു. ഇയാൾ പകൽ സമയത്ത് ഒളിവിൽ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സി.ബി.ഐ അധികൃതർ പറഞ്ഞു. ഇയാളെ സി.ബി.ഐ കസ്റ്റഡിയിലെടുത്ത ശേഷം വീട്ടിൽ പരിശോധന നടത്തി.
ഇതോടെ കേസിൽ പുതുതായി ആറ് പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. നേരത്തെ ബംഗാൾ പൊലീസ് പ്രതി ചേർത്ത മറ്റ് 22 പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരിയിൽ രാംപുർഹട്ടിലെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സ്ത്രീകളും കുട്ടികളുമുൾപ്പടെ ഒൻപത് പേരെ ജീവനോടെ ചുട്ടരിച്ച് കൊന്നത്. സംഭവത്തിന് തൃണമൂൽ പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് കൽക്കട്ട ഹൈകോടതി സ്വമേധയാ കേസെടുക്കുകയും കേസ് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.