നീറ്റ് ചോർച്ച: മുഖ്യപ്രതിയടക്കം രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
text_fieldsപട്ന: നീറ്റ് ചോദ്യക്കടലാസ് ചോർച്ച കേസിൽ മുഖ്യപ്രതിയടക്കം രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് സി.ബി.ഐ ഈ കേസിൽ അറസ്റ്റ രേഖപ്പെടുത്തുന്നത്.
നീറ്റ് ചോദ്യക്കടലാസ് ചോർച്ച കേസിലെ മുഖ്യപ്രതികളിലൊരാളാണ് മനീഷ് പ്രകാശ്. സുഹൃത്ത് അശുതോഷ് മുഖേന നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് പരീക്ഷാർഥികൾക്കായി പട്ന ഖേംനി ചാക്കിലുള്ള ലേൺ ആൻഡ് പ്ലേ സ്കൂൾ മനീഷ് ബുക് ചെയ്തിരുന്നു. ഇവിടെ നിന്ന് പാതി കത്തിയ നീറ്റ് ചോദ്യപേപ്പർ കണ്ടെടുത്തതോടെയാണ് കേസിൽനിർണായക വഴിത്തിരിവായത്. പട്ന പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യ യൂണിറ്റിന്റെയും (EOU) അന്വേഷണത്തിൽ, കത്തിയ പേപ്പർ ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ ഒയാസിസ് സ്കൂൾ പ്രിൻസിപ്പലടക്കം എട്ടുപേരെ ഇപ്പോൾ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്.
കേസിൽ മനീഷിനും അശുതോഷിനും പുറമേ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ലുട്ടൻ മുഖിയ സംഘവുമായി ബന്ധമുള്ള ബൽദേവ് കുമാർ എന്ന ചിന്തു, മുകേഷ് എന്നിവരെ കോടതി ഏഴുദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഒയാസിസ് സ്കൂൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം സി.ബി.ഐ തുടരുകയാണ്. ഇവിടെ യുജിസി നെറ്റ് പരീക്ഷയും നടത്തിയിരുന്നു. പ്രിൻസിപ്പൽ ഇഹ്സാനുൽ ഹഖ് ഉൾപ്പെടെയുള്ള സ്കൂൾ ജീവനക്കാരിൽ നിന്ന് സിബിഐ മൊഴി രേഖപ്പെടുത്തി.
തുടർ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഹസാരിബാഗിലെ ഛഢിയിലേക്ക് കൊണ്ടുപോയി. മുതിർന്ന മാനേജ്മെന്റ് പ്രതിനിധിയെ ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന ദേശീയ ടെസ്റ്റിങ് ഏജൻസി നിരീക്ഷകൻ, സെന്റർ സൂപ്രണ്ട് എന്നിവരും സംശയ നിഴലിലാണെന്ന് അധികൃതർ അറിയിച്ചു. 12 അംഗ സി.ബി.ഐ സംഘം ചൊവ്വാഴ്ചയാണ് ഹസാരിബാഗിലെത്തിയത്. സംഘത്തിലെ എട്ടുപേർ ബുധനാഴ്ച സ്കൂളിലെത്തി. മറ്റുള്ളവർ ജില്ലയിൽ ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റേറ്റ് ബാങ്ക് ശാഖയിലുമെത്തി. ജൂൺ 21ന് ബിഹാർ പൊലീസ് ഝാർഖണ്ഡിലെ ഡിയോഘർ ജില്ലയിൽനിന്ന് ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു.
നീറ്റ് പരീക്ഷത്തലേന്ന് ബൽദേവ് കുമാറിന്റെ മൊബൈൽ ഫോണിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തിയ ചോദ്യപേപ്പറിന്റെ പി.ഡി.എഫ് ലഭിച്ചെന്ന് കണ്ടെത്തിയിരുന്നു. മുഖിയ സംഘത്തിലെ മറ്റുള്ളവരെക്കൂടി പിടികൂടാനായി സി.ബി.ഐ വലവിരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർത്തിയത് ഇവരാണെന്നാണ് കരുതുന്നത്. പട്നയിലെ രാമകൃഷ്ണ നഗറിലെ രഹസ്യകേന്ദ്രത്തിൽ ഒരുമിച്ചുകൂടിയ കുട്ടികൾക്ക് ഉത്തരം അടയാളപ്പെടുത്തിയ ചോദ്യപേപ്പർ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേ അറസ്റ്റിലായ നിതീഷ് കുമാർ, അമിത് ആനന്ദ് എന്നിവരാണ് കുട്ടികളെ അവിടെയെത്തിച്ചത്. ഇവർക്ക് ചോദ്യപേപ്പർ ലഭിച്ചത് ഹസാരിബാഗിലെ ഒരു സ്വകാര്യ സ്കൂളിൽനിന്നാണെന്നും കണ്ടെത്തി.
മുസഫർപൂർ ജില്ലയിലെ ഒരു സ്കൂളും അന്വേഷണപരിധിയിലാണ്. ഇവിടെ രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ളയാൾ കുട്ടിയുടെ വ്യാജ പേരിൽ പരീക്ഷയെഴുതിയതായി കണ്ടെത്തിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.