വീണ്ടും വൻ ബാങ്ക് വായ്പ തട്ടിപ്പ്; എ.ബി.ജി ഷിപ്യാർഡ് ഡയറക്ടർമാർ 22,842 കോടി മുക്കി; സി.ബി.ഐ കേസെടുത്തു
text_fieldsന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പ്. മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എ.ബി.ജി ഷിപ്പ്യാർഡ് കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്ട്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പിൽ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാളിനെതിരേയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസെടുത്തു.
സി.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വെട്ടിപ്പ് കേസാണ് പുറത്തു വന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നവേടിയ, എ.ബി.ജി ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എന്നിവരേയും കേസിൽ പ്രതി ചേർത്തു. 2012-17 കാലയളവിൽ റിഷി അഗർവാൾ ചെയർമാനായിരിക്കെ മറ്റ് ഡയറക്ടർമാരുമായി ഒത്തു കളിച്ച് വായ്പയായി ലഭിച്ച കോടികൾ വകമാറ്റിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. ഗുജറാത്തിലെ ദഹേജിലും സൂറത്തിലും ഷിപ്പ്യാർഡുകൾ ഉള്ള എ.ബി.ജിക്കെതിരെ 2019 നവംബർ എട്ടിന് എസ്.ബി.ഐയാണ് ആദ്യം പരാതി നൽകിയത്. സി.ബി.ഐ കൂടുതൽ വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബാങ്ക് പരാതി പുതുക്കി നൽകി. ഒന്നര വർഷത്തിലേറെ എടുത്ത് പരാതി പരിശോധിച്ച സി.ബി.ഐ ഈ മാസം ഏഴിനാണ് എ.ബി.ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
എസ്.ബി.ഐ എ.ബി.ജിക്ക് വായ്പയായി നൽകിയത് 2468.51 കോടിയാണ്. ഐ.സി.ഐ.സി.ഐ ബാങ്ക് (7,089 കോടി), ഐ.ഡി.ബി.ഐ ബാങ്ക് (3,634 കോടി), ബാങ്ക് ഓഫ് ബറോഡ (1,614 കോടി), പഞ്ചാബ് നാഷനൽ ബാങ്ക് (1,244 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (1228 കോടി) തുടങ്ങിയവയും വായ്പ നൽകിയതായി പുറത്തുവന്നിട്ടുണ്ട്. 2012-17 കാലയളവിലെ കണക്ക് പരിശോധിച്ച ഓഡിറ്റ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങ് 2019ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡയറക്ടർമാർ പണം വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ എഫ്.ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.