ദത്താ സാമന്ത് കൊലക്കേസിൽ ഛോട്ടാ രാജനെ വെറുതെവിട്ടു
text_fieldsമുംബൈ: പ്രമുഖ യൂനിയൻ നേതാവ് ഡോ. ദത്താ സാമന്തിനെ വെടിവെച്ച് കൊന്ന കേസിൽ അധോലോക നേതാവ് ഛോട്ടാ രാജനെ കോടതി വെറുതെ വിട്ടു. കൊലപാതക ഗൂഢാലോചന കുറ്റമാണ് രാജനെതിരെ ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച പ്രത്യേക കോടതി ജഡ്ജി എ.എം പാട്ടീൽ രാജനെ വെറുതെ വിട്ടത്.
1997 ജനുവരി 16നാണ് ദത്താ സാമന്ത് വെടിയേറ്റ് മരിച്ചത്. പവായിലെ ബംഗ്ലാവിൽനിന്ന് കാറിൽ പുറപ്പെട്ട സാമന്തിനെ വഴിയിൽ തടഞ്ഞ് നാലുപേർ വെടിയുതിർക്കുകയായിരുന്നു. ദത്താ സാമന്തിനു നേരെ നിറയൊഴിച്ച നാലുപേർക്ക് നേരത്തെ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
നഗരത്തിലെ ശക്തനായ ട്രേഡ് യൂനിയൻ നേതാവായിരുന്നു സാമന്ത്. ഡോക്ടറായിരുന്ന ഇദ്ദേഹം പിന്നീട് യൂനിയൻ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. തുടക്കം കോൺഗ്രസിലായിരുന്നുവെങ്കിലും പിന്നീട് അകന്നു. കോൺഗ്രസുകാരനായിരുന്നിട്ടും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിയേണ്ടിവന്നു. കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്രയിൽ എം.എൽ.എ ആയ സാമന്ത് പിന്നീട് സ്വതന്ത്ര എം.പിയുമായി.
ഈ കേസിൽ വെറുതെ വിട്ടെങ്കിലും 60ലേറെ കേസുകളിൽ വിചാരണ നേരിടുന്നതിനാൽ ഛോട്ടാ രാജന് ജയിലിൽ നിന്നും പുറത്തിറങ്ങാനാകില്ല. 2015 ൽ ഇൻഡോനേഷ്യയിൽ പിടിയിലായി ഇന്ത്യയ്ക്ക് കൈമാറിയത് മുതൽ രാജൻ തിഹാർ ജയിലിലാണ്. മുംബൈയിൽ രാജനെതിരെയുള്ള കേസുകളെല്ലാം സി.ബി.ഐക്ക് കൈമാറുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.