ബാബരി: പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsഅയോധ്യ(യു.പി): ബാബരി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെ വെറുതെവിട്ട സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. 2020 സെപ്റ്റംബർ 30 നാണ് മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയടക്കമുള്ള പ്രതികളെ കുറ്റമുക്തരാക്കിയത്. അയോധ്യ സ്വദേശികളായ രണ്ടുപേർ ഈ വിധിക്കെതിരെ അലഹബാദ് ഹൈകോടതിയിൽ റിവിഷൻ ഹരജി നൽകിയിരുന്നെങ്കിലും അനുവദിച്ചില്ല. ഹരജിക്കാർ കേസിലെ ഇരകളല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
ബാബരി മസ്ജിദ് പൊളിച്ചത് ക്രിമിനൽ നടപടിയാണെന്ന്, അയോധ്യ കേസ് വിധിയിൽ സുപ്രീംകോടതി തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് എക്സിക്യൂട്ടിവ് അംഗം സയ്യിദ് ഖാസിൽ റസൂൽ ഇല്യാസ് വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ മസ്ജിദ് തകർക്കൽ ഗൗരവാവഹമായ നിയമലംഘനമാണെന്നും പ്രതികൾ നിയമത്തിന് എത്തിപ്പിടിക്കാൻ പറ്റുന്നതിന് അപ്പുറമാണെന്നും പറയുന്നുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. തദ്ദേശവാസികളായ ഹാജി മഹ്ബൂബിന്റെയും സയ്യിദ് അഖ്ലാഖിന്റെയും വീടുകൾ ബാബരി മസ്ജിദ് തകർത്ത ദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. കേസിൽ സി.ബി.ഐ സാക്ഷികളായിരുന്നു ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.