ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ്; പ്രതികളായ പൊലീസുകാരെ സി.ബി.ഐ കോടതി വെറുതെവിട്ടു
text_fieldsഅഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിലെ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. ഐ.പി.എസുകാരനായ ജി.എൽ. സിംഘാൾ, റിട്ട. ഓഫിസർ തരുൺ ബറോത്, മറ്റൊരു ഉദ്യോഗസ്ഥനായ അനജു ചൗധരി എന്നിവരെയാണ് വെറുതെവിട്ടത്. കേസിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെയും വെറുതെവിട്ടിരുന്നു.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് പ്രതികൾ വിടുതൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിനെ സി.ബി.ഐ എതിർത്തില്ല. നേരത്തെ നാല് ഉദ്യോഗസ്ഥരെ കേസിൽ നിന്ന് ഒഴിവാക്കിയപ്പോഴും സി.ബി.ഐ എതിർത്തിരുന്നില്ല. കേസിലെ പ്രതികളെ മുഴുവൻ വെറുതെവിട്ട സാഹചര്യത്തിൽ ഇനി സി.ബി.ഐ അപ്പീൽ നൽകിയാൽ മാത്രമേ കേസ് മുന്നോട്ടുപോകൂ.
ഇസ്രത്ത് ജഹാൻ ഉൾപ്പെടെ കൊല്ലപ്പെട്ട നാലുപേരും തീവ്രവാദികളല്ല എന്ന് സമർഥിക്കുന്ന തെളിവുകൾ ഒന്നുംതന്നെ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.
2004 ജൂൺ 15നാണ് മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ശൈഖ്, ഇസ്രത് ജഹാൻ, അംജദ് അലി റാണ, സീഷൻ ജോഹർ എന്നിവരെ അഹമ്മദാബാദിനടുത്ത കോതാർപൂരിൽ വെച്ച് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. നാലു പേരും ലഷ്കറെ ത്വയിബ തീവ്രവാദികളാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് എത്തിയവരാണ് എന്നുമായിരുന്നു പൊലീസ് അവകാശപ്പെട്ടിരുന്നത്.
മുംബൈയിൽ നിന്നും തീവ്രവാദി സംഘം കാറിൽ ഗാന്ധിനഗറിലേക്ക് വരുന്നുണ്ടെന്ന കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട് പ്രകാരം നടത്തിയതാണ് ഏറ്റുമുട്ടൽ എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അത്തരം ഒരു വിവരം നൽകിയിട്ടില്ലെന്ന് അൽപദിവസങ്ങൾക്കകം വെളിപ്പെട്ടിരുന്നു. ഇതോടെ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് ദേശീയതലത്തിൽ തന്നെ വിവാദമായിരുന്നു.
നാലുപേരെയും കസ്റ്റഡിയില്‍വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് മജിസ്‌ട്രേറ്റ്, പ്രത്യേക അന്വേഷണസംഘം, സി.ബി.ഐ എന്നിവര്‍ വെവ്വേറെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മൂന്ന് ഐ.പി.എസുകാർ ഉൾപ്പെടെ ഏഴ് പൊലീസുകാരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിലെ മലയാളിയായ പ്രാണേഷ് പിള്ളയുടെ പിതാവ് ഗോപിനാഥ പിള്ളയായിരുന്നു കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇസ്രത്തിന്‍റെ അമ്മയ്‌ക്കൊപ്പം കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.