പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് അക്രമം: സി.ബി.ഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മെയ് മാസത്തിൽ പശ്ചിംമേദിപൂർ ജില്ലയിലെ ബിസ്വജിത് മഹേഷ് എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. 44 കേസുകൾ സി.ബി.ഐ ഇതുവരെ രജിസ്റ്റർ ചെയിതിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന മെയ് 2ന് പശ്ചിമ ബംഗാളിലെ നിരവധി പ്രദേശങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് നിയോഗിച്ച നാലംഗ സംഘം സംഘർഷം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ ആഗസ്റ്റിലാണ് കൊൽക്കത്ത ഹൈകോടതി സി.ബി.ഐ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. താരതമ്യേന ഗൗരവം കുറഞ്ഞ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും കോടതി ഉത്തരവ് ഇറക്കിയിരുന്നു.
അക്രമസംഭവങ്ങളെ വിലയിരുത്തിയ ദേശിയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച ഏഴംഗ കമ്മിറ്റിയാണ് സംഭവത്തിൽ സി.ബി.ഐയെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.