ടൂണ കയറ്റുമതി: ലക്ഷദ്വീപ് എം.പി ഫൈസലിനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കേസ്
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് കോഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (എൽ.സി.എം.എഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മൽസ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതിൽ ഒമ്പത് കോടി നഷ്ടം സംഭവിച്ചതിന് ലക്ഷദ്വീപിൽ നിന്നുള്ള ലോക്സഭാ എം.പി മുഹമ്മദ് ഫൈസലിനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. ഉയർന്ന വില നൽകാമെന്ന് വാഗ്ദാനം നൽകിയ ലക്ഷദ്വീപിലെ മൽസ്യതൊളിലാളികളിൽ നിന്ന് ശേഖരിച്ച മൽസ്യം സ്വകാര്യ ഏജൻസി വഴി ശ്രീലങ്കയിലേക്ക് ടൂണ മൽസ്യം കയറ്റുമതി നടത്താൻ നോക്കിയെങ്കിലും നടന്നില്ലെന്നും അത് വഴി ഒമ്പത് കോടി നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.
2016-17 കാലയളവിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 24ന് കവരത്തിയിലെ എൽ.സി.എം.എഫ് ഓഫിസിലും കോഴിക്കോട്ടും മിന്നൽ പരിശോധന നടത്തിയെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂഡൽഹിയിലെ സി.ബി.ഐ ഓഫിസറുടെ പരാതിയിൽ കേസ് എടുക്കുന്നതെന്ന് സി.ബി.ഐ അവകാശപ്പെട്ടു.
ഫൈസലിനെ കൂടാതെ അദ്ദേഹത്തിന്‍റെ ബന്ധുവും ശ്രീലങ്കൻ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ് അബ്ദുറാസിഖ് തങ്ങൾ, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ്.ആർ.ടി ജനറൽ മർച്ചന്‍റ് ഇംപോർട്ടേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, ലക്ഷദ്വീപ് കോഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയരക്ടർ എം.പി. അൻവർ എന്നിവരെയും ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയെയും കേസിൽ കൂട്ടുപ്രതികളാക്കിയാണ് എഫ്.ഐ.ആർ.
കൊളംബോയിലെ എസ്.ആർ.ടി ജനറൽമർച്ചന്‍റ് എക്സ്പോർട്ടേഴ്സ് വലിയ വിലക്ക് വാങ്ങുമെന്ന് വ്യാജ വാഗ്ദാനം നടത്തി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മൽസ്യതൊഴിലാളികളിൽ നിന്ന് 287 മെട്രിക് ടൺ എൽ.സി.എം.എഫ് മുഖേന സംഭരിച്ചുവെന്ന് എഫ്.ഐ.ആർ പറയുന്നു. ഫൈസൽ നൽകിയ കേവലമൊരു ഉറപ്പിൽ ടെണ്ടർ വിളിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും എൽ.സി.എം.എഫ് മാനേജിങ് ഡയരക്ടർ എം.പി അൻവർ ഇതിന് അവസരമൊരുക്കി.
കൊളംബോയിലേക്ക് ഉണക്ക ടൂണ മൽസ്യം കയറ്റുമതി ചെയ്യാൻ ഏൽപിച്ച കൊച്ചിയിലെ എ.എഫ്.ഡി.സി കമ്പനി ആദ്യം 10 മെട്രിക് ടൺ കയറ്റി അയച്ചു, എന്നാൽ അവർക്ക് വാഗ്ദാനം ചെയ്ത 60ലക്ഷം കിട്ടാതിരുന്നതിനാൽ കയറ്റുമതിയിൽ നിന്ന് പിന്മാറി. ഇതോടെ എൽ.സി.എം.എഫിനും ലക്ഷദ്വീപ് മൽസ്യ തൊഴിലാളികൾക്കും ഒമ്പത് കോടി നഷ്ടമുണ്ടായെന്നാണ് കേസ്. ഈ നഷ്ടത്തിനിടയാക്കിയത് മുഹമ്മദ് ഫൈസലും മുഹമ്മദ് അബ്ദുറാസിഖ് തങ്ങളും എൽ.സി.എം.എഫ് എം.ഡി അൻവറും ശ്രീലങ്കൻ കമ്പനിയും നടത്തിയ ക്രിമിനൽ ഗൂഢാലോചനയാണെന്നാണ് സി.ബി.ഐ ആരോപണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.