ബംഗാൾ തെരഞ്ഞെടുപ്പ് അക്രമങ്ങൾ; അന്വേഷണത്തിന് സി.ബി.ഐയുടെ 25 അംഗ സംഘം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങൾ സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐയുടെ 25 അംഗ സംഘം നാല് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. കൊലപാതകം, ബലാത്സംഗം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയാണ് സി.ബി.ഐ അന്വേഷിക്കുക. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ആറ് ആഴ്ചകൾക്കുള്ളിൽ കോടതിക്ക് സമർപ്പിക്കണം.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങൾ സി.ബി.ഐ അന്വേഷിക്കാൻ ഇന്നലെയാണ് െകാൽക്കത്ത ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ ഉത്തരവിട്ടത്. നിലവിൽ ഇത്തരം കേസ് അന്വേഷിക്കുന്ന ദേശീയ മനുഷ്യാവകാശ കമീഷൻ, സംസ്ഥാന സർക്കാർ തുടങ്ങിയ ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഉടൻ സി.ബി.ഐക്ക് കൈമാറണം.
മറ്റ് അക്രമസംഭവങ്ങൾ ഹൈകോടതി നിരീക്ഷണത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. സുമൻ ബല സാഹൂ, സൗമൻ മിത്ര, രൺബീർ കുമാർ എന്നീ ഐ.പി.എസ് ഓഫിസർമാർ ആയിരിക്കും ഈ സംഘത്തെ നയിക്കുക. സുപ്രീംകോടതി റിട്ട. ജഡ്ജി ഈ അേന്വഷണം നിരീക്ഷിക്കും.
അക്രമസംഭവങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ഹൈകോടതിയുടെ നിർദേശമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ വസ്തുതാന്വേഷണ റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചിരുന്നു. കമീഷന്റെ റിപ്പോർട്ട് പക്ഷപാതപരമാണെന്ന സംസ്ഥാന സർക്കാറിന്റെ ആരോപണം കോടതി തള്ളി.
ഒക്ടോബർ 24നാണ് ഹൈകോടതി കേസ് വീണ്ടും പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.