ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പലിന്‍റെ നുണ പരിശോധന നടത്തും; കോടതി അനുമതി
text_fieldsന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണ പരിശോധനക്ക് വിധേയനാക്കും.
കൊൽക്കത്ത കോടതിയാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് പ്രിൻസിപ്പലിനെയും മറ്റു നാലുപേരെയും നുണ പരിശോധന നടത്താൻ അനുമതി നൽകിയത്. കൊൽക്കത്ത ഹൈകോടതി നിർദേശത്തെ തുടർന്ന് പൊലീസിൽനിന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ നിരവധി തവണ സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഘോഷിന്‍റെ പ്രതികരണങ്ങളിൽ പൊരുത്തക്കേട് തോന്നിയതോടെയാണ് നുണ പരിശോധന നടത്താൻ കോടതിയുടെ അനുമതി തേടിയത്. ആഗസ്റ്റ് ഒമ്പതിനാണ് പി.ജി ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കേസ് കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാറിനും പൊലീസിനും ഗുരുതര വീഴ്ച സംഭവിച്ചതായി വ്യാപക വിമർശനം ഉയർന്നിരുന്നു. കുട്ടിയുടെ മൃതദേഹം കാണിക്കാതെ രക്ഷിതാക്കളെ മൂന്നു മണിക്കൂറോളം പുറത്തുനിർത്തിയതും സെമിനാർ ഹാളിനു സമീപത്തെ മുറിയിൽ തിരക്കിട്ട് നവീകരണ പ്രവൃത്തികൾ നടത്തിയതും പലവിധ സംശയങ്ങൾക്ക് ഇടയാക്കി. കേസിൽ അറസ്റ്റിലായ സന്നദ്ധപ്രവർത്തകനെ നുണ പരിശോധനക്ക് വിധേയനാക്കാൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.