Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18കാരനെ മുസ്‍ലിംകള്‍...

18കാരനെ മുസ്‍ലിംകള്‍ കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി പ്രചാരണം പൊളിച്ച് സി.ബി.ഐ അന്വേഷണ റിപ്പോർട്ട്

text_fields
bookmark_border
18കാരനെ മുസ്‍ലിംകള്‍ കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി പ്രചാരണം പൊളിച്ച് സി.ബി.ഐ അന്വേഷണ റിപ്പോർട്ട്
cancel

ബംഗളൂരു: കർണാടകയിൽ അഞ്ചുവർഷം മുമ്പ് തടാകത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട 18കാരനെ മുസ്‍ലിംകള്‍ കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി പ്രചാരണം ശരിയല്ലെന്ന് സി.ബി.ഐ. യുവാവിന്റേത് മുങ്ങിമരണമാണെന്നും കൊലപാതകമല്ലെന്നും സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റിപ്പോർട്ട് ഹൊന്നവൂർ കോടതിയിൽ സമർപ്പിച്ചു. നവംബർ 14ന് കോടതി ഇത് പരിഗണിക്കും.

2017 ഡിസംബർ എട്ടിനാണ് ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവറിലെ ഷെട്ടിക്കരെ തടാകത്തിൽ പരേഷ് എന്ന പതിനെട്ടുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ ചെറിയ വർഗീയ സംഘർഷത്തിൽ പരേഷ് ഉൾപ്പെട്ടിരുന്നു. ഇതിന് ശേഷം കാണാതായ യുവാവിനെ പിന്നീട് തടാകത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ലോക്കൽ പൊലീസ് പറഞ്ഞിരുന്നു. രക്ഷപ്പെടുന്നതിനിടെ കായലിൽ വീണെന്നായിരുന്നു പൊലീസ് നിഗമനം. അതേസമയം, പരേഷിനെ മുസ്‍ലിംകൾ കൊലപ്പെടുത്തിയതാണെന്നാരോപിച്ച് പ്രതിപക്ഷമായിരുന്ന ബി.ജെ.പി രംഗത്തുവന്നത് സംഘർഷങ്ങളിലേക്ക് നയിച്ചു. ഡിസംബർ 12ന് ബി.ജെ.പി നടത്തിയ സമരത്തിൽ പൊലീസിന് നേരെ കല്ലേറുണ്ടാവുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. തന്റെ മകനെ മുസ്‍ലിം യുവാക്കള്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പരേഷിന്റെ പിതാവ് കമലാകർ മേസ്ത പൊലീസിൽ പരാതിയും നൽകി.

സംഘർഷമുണ്ടായതിന്റെ പിറ്റേദിവസം തന്നെ കോൺഗ്രസ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിട്ടു. അന്വേഷത്തിന്റെ ഭാഗമായി സി.ബി.ഐ മൂന്ന് മുസ്‍ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതികളുടെ പങ്കാളിത്തം കാണിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചെന്നും സി.ബി.ഐ കുടുംബത്തിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം, മകൻ കൊല്ലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നുവെന്നും സി.ബി.ഐയുടെ നിഗമനം അംഗീകരിക്കില്ലെന്നും പരേഷിന്റെ പിതാവ് കമലാകർ മേസ്ത മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും കുടുംബവുമായി ചർച്ച ചെയ്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിഷയം പ്രചാരണായുധമാക്കിയിരുന്നു. കോൺഗ്രസ് സർക്കാർ ഹിന്ദുക്കൾക്ക് സംരക്ഷണം നൽകുന്നില്ലെന്ന് അവർ പ്രചരിപ്പിച്ചു. യുവാവിന്റെ ദേഹത്ത് ചൂടുള്ള ഓയിൽ ഒഴിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് ശോഭ കരന്ദ് ലജെ എം.പി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.

സി.ബി.ഐ അന്വേഷണറിപ്പോർട്ട് ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണെന്ന് അന്നത്തെ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു. നിരപരാധിയായ ഒരു യുവാവിന്റെ മരണം അനാരോഗ്യകരവും അധാർമികവുമായ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും നാണം അവശേഷിക്കുന്നെങ്കിൽ അവർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കേസുമായി ബന്ധപ്പെട്ട തെളിവുകൾ അന്നത്തെ കോൺഗ്രസ് സർക്കാർ നശിപ്പിച്ചെന്നും സി.ബി.ഐ റിപ്പോർട്ട് തെറ്റാണെന്നും മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ പ്രതികരിച്ചു. കേസ് പുനരന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ റിപ്പോർട്ട് അംഗീകരിച്ചാൽ പ്രതിഷേധിക്കുമെന്ന് ശ്രീരാമസേന ഉൾപ്പെടെയുള്ള നിരവധി ഹിന്ദുത്വ സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP CampaignCBI investigation reportdeath of hindu boy
News Summary - CBI investigation report demolishes BJP campaign that 18-year-old was killed by Muslims
Next Story